കണ്ണൂർ: പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് ജയിക്കേണ്ടത് മണ്ഡലത്തിലുള്ളവരുടെ ആവശ്യമാണെന്ന് സി.പി.എം സംസ്ഥാനെ സെക്രട്ടറി എം.വി ഗോവിന്ദൻ. ജെയ്ക് ജയിച്ചാൽ മാത്രമേ പുതുപ്പള്ളി രക്ഷപ്പെടുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. 53 വർഷത്തിന് ശേഷമാണ് പുതുപ്പള്ളി മണ്ഡലം ഒരു വെളിച്ചത്തിലേയ്‌ക്ക് പ്രവേശിക്കാൻ പോകുന്നതെന്നും കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല എന്നത് നഗ്നമായ യഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
‘എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ കേരളത്തിലെ ജനങ്ങൾ വികസനം എന്താണെന്ന് മനസ്സിലാക്കി. സർക്കാരിനെപ്പറ്റി ചർച്ച ചെയ്യുന്നതിൽ സി.പി.എമ്മിന് യാതൊരു പ്രശ്‌നവുമില്ല. രാഷ്‌ട്രീയം രാഷ്‌ട്രീയമായിട്ട് തന്നെ പറയും. ഒളിച്ചോടുന്ന നിലപാടല്ല ഇടതുപക്ഷ മുന്നണിയ്‌ക്ക്. വികസന കാര്യത്തിൽ ഏത് വെല്ലുവിളിയും ഏറ്റെടുത്ത് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ജെയ്ക് കൃത്യമായി പറഞ്ഞല്ലോ. അത് വെറുതെ പറയുന്നതല്ല.
പുതുപ്പള്ളിയെ കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളേക്കാളും മുന്നിലേക്ക് നയിക്കാൻ ജെയ്ക് സി തോമസ് വരിക തന്നെ വേണം. എന്നാലെ യഥാർത്ഥത്തിൽ മണ്ഡലം രക്ഷപ്പെടുകയുള്ളൂ. ജെയ്ക് വന്നാലെ പുതുപ്പള്ളിയെ ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുകയുള്ളൂ. പുതുപ്പള്ളിയിൽ ജെയ്‌ക്കിനെ പോലെ സമർത്ഥനായ ജനപ്രതിനിധി വന്നാൽ ഈ മണ്ഡലത്തിന്റെ മുഖചിത്രം മാറും. ജനങ്ങൾ നല്ലപോലെ മനസ്സിലാക്കിയിട്ട് വോട്ട് ചെയ്യുന്നവരാണ്. ജെയ്‌ക്കിന് വോട്ടു ചെയ്യുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്’, എം.വി ഗോവിന്ദൻ പറഞ്ഞു.
Leave a Comment