തിരുവനന്തപുരം: ചില വിശ്വാസങ്ങൾ മിത്തും മറ്റ് ചിലത് സത്യവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതി പരാമർശം വിവാദമായ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയായിരുന്നു ഗോവിന്ദന്റെ പ്രസ്താവന. അള്ളാഹു മിത്താണോ എന്നൊരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ‘ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും മിത്തല്ല’ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. ഹിന്ദുവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ടുള്ള പത്ര സമ്മേളനത്തിലായിരുന്നു ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചോദ്യം ഒരു മാധ്യമപ്രവർത്തകൻ ഉയർത്തിയത്.
ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു ആദ്ദേഹം ആദ്യം ചെയ്തത്. ‘മിത്തുകളെ മിത്തുകളായി കാണണം. അത് അങ്ങനെ മാത്രം കണ്ടാൽ മതി. മിത്തുകളെ ശാസ്ത്രമാണെന്ന് പറഞ്ഞാൽ അത് സിപിഎം അംഗീകരിച്ച് തരില്ല. ഗണപതി മിത്ത് തന്നെയാണ്, അല്ലാതെ ശാസ്ത്രമല്ല. അത് പറയാൻ ഒരു മടിയുമില്ല. മിത്ത് മിത്തായിട്ട് തന്നെ കാണും. അതുപോലെ തന്നെ പരശുരാമനും മിത്താണ്’- എംവി ഗോവിന്ദൻ പറഞ്ഞു.
സ്പീക്കറുടെ ഹിന്ദു വിശ്വാസത്തിനെതിരായ പ്രസ്താവനയ്ക്ക് പിന്നാലെ അള്ളാഹു മിത്താണ് എന്ന് പറയാൻ ഷംസീർ തയ്യാറാകുമോ എന്ന് കെ.സുരേന്ദ്രൻ ചോദിച്ചിരുന്നു. ഇതിൽ സിപിഎമ്മിന്റെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിനാണ് എല്ലാ വിശ്വാസവും മിത്തല്ല എന്നുള്ള എം.വി ഗോവിന്ദന്റെ മറുപടി. ‘അവരുടെ വിശ്വാസ പ്രമാണമാണിത്. അതിനെ മിത്തെന്ന് പറയേണ്ടതില്ല’ എന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അമ്പലത്തിൽ പോവുന്നതിലോ, വഴിപാട് കഴിക്കുന്നതിലോ എതിർപ്പു രേഖപ്പെടുത്തേണ്ടതില്ല. പക്ഷേ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്കു മാറുന്നില്ലേയെന്നു സ്വയം പരിശോധിക്കണമെന്നാണു തങ്ങൾ അഭ്യർഥിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Leave a Comment