മണിപ്പൂർ വിഷയം; പ്രതികളെന്ന പേരിൽ വ്യാജ ചിത്രം പങ്കുവെച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി, ഒടുവിൽ മാപ്പ്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ വ്യാജ ട്വീറ്റ് പങ്കുവെച്ച സി.പി.എം പി.ബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് രണ്ട് ആര്.എസ്.എസ് പ്രവർത്തകരുടെ ചിത്രങ്ങൾ സുഭാഷിണി ട്വീറ്റ് ചെയ്തിരുന്നു. ഇത് വൻ വിവാദത്തിനാണ് തിരി കൊളുത്തിയത്. തന്‍റെയും മകന്‍റെയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് ബി.ജെ.പി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ സുഭാഷിണി അലി ട്വിറ്ററില്‍ ഖേദം പ്രകടിപ്പിച്ചു. പങ്കുവെച്ച വ്യാജ വിവരത്തിനെതിരെ വൻ വിമർശനം ഉയർന്നതോടെ മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട രണ്ടു പേരെ സംബന്ധിച്ച ഒരു വ്യജ ട്വീറ്റ്, റിട്വീറ്റ് ചെയ്തതില്‍ താൻ അങ്ങേയറ്റം ഖേദിക്കുന്നുവെന്ന് സുഭാഷിണി കുറ്റസമ്മതം നടത്തി. മനഃപൂര്‍വ്വമല്ലാതെ താൻ ചെയ്ത ഈ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും സുഭാഷിണി പറഞ്ഞു.

അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ്. നേതാവിന്റെയും മകന്റെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത ആളുകള്‍ക്കെതിരേ മണിപ്പൂർ പോലീസ് ഞായറാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
Leave a Comment