തണുപ്പുകാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവേദന. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. ഈ തണുപ്പുസമയത്ത് വ്യായാമം ചെയ്യാന്‍ കഴിയാതെ വരുന്നതും ഒരു കാരണമാണ്.
തണുപ്പുകാലത്തെ സന്ധി വേദന അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ്, സാല്‍മണ്‍ ഫിഷ്, വാള്‍നട്സ്, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇലക്കറികളും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡിയുടെ (സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന വിറ്റാമിന്‍) അഭാവവും ഇത്തരം സന്ധി വേദനകള്‍ക്ക് കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട, ചീര, മഷ്റൂം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വെള്ളം ധാരാളം കുടിക്കുക. തണുപ്പു കാലത്ത് പലര്‍ക്കും വെള്ളം കുടിക്കാന്‍ മടിയാണ്. അതും എല്ലുകളുടെയും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
തണുപ്പ് അധികം ബാധിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിക്കുക. ശരീരത്തിലെ താപനില എപ്പോഴും നിലനിര്‍ത്തുക.
വ്യായാമം മുടങ്ങാതെ ചെയ്യുക. വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വഷളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. അതും സന്ധി വേദനകള്‍ക്ക് കാരണമാകും.
Leave a Comment