‘പറഞ്ഞത് കള്ളക്കഥ, എന്റെ പ്രൊഫഷൻ ഇല്ലാതാക്കരുത്’- മാപ്പ് പറഞ്ഞ് മിഥുൻ, പിന്തുണച്ച് മാരാരും ബിഗ്‌ബോസ് മത്സരാർത്ഥികളും

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു അനിയൻ മിഥുനിന്റെ പ്രണയകഥ. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചുവെന്നുമാണ് മിഥുൻ പറഞ്ഞത്. ഈ കഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോൾ മിഥുന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ വാരം എവിക്റ്റ് ആയതിനു ശേഷം ഫിനാലെയ്ക്ക് മുന്നോടിയായി സീസണിലെ മുന്‍ മത്സരാര്‍ഥികളുടെ പുനസമാഗമത്തിന്‍റെ ഭാഗമായി ഹൗസിലേക്ക് മിഥുനും എത്തി.

ബിഗ് ബോസ് സീസണ്‍ 5ല്‍ ജീവിത ഗ്രാഫ് എന്ന സെക്ഷനില്‍ താന്‍ പറഞ്ഞ പ്രണയകഥ വ്യാജമാണെന്ന് തുറന്നുപറഞ്ഞ് അനിയന്‍ മിഥുന്‍. പ്രേക്ഷകരോടും ഇന്ത്യന്‍ ആര്‍മിയോടും മിഥുന്‍ ക്ഷമ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ‘ബിബി അവാര്‍ഡ്‌സ്’ വേദിയില്‍ വെച്ചാണ് മിഥുന്‍ സത്യാവസ്ഥ തുറന്നുപറഞ്ഞത്.

”പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്‌നമായി. എന്റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അങ്ങനൊരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണ്. എനിക്കൊരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ഒന്നുമല്ല. അത് ആ ഒരു ഇതില്‍ അങ്ങ് പറഞ്ഞ് പോയതാണ്. പക്ഷേ അത് ഇപ്പോള്‍ വന്നുവന്ന് എന്റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

‘വുഷു ഞാന്‍ പഠിച്ചിട്ടില്ല, വുഷു എനിക്ക് അറിയില്ല എന്നുവരെ ആയി ഇപ്പോള്‍. അങ്ങനത്തെ രീതിയിലുള്ള സൈബര്‍ ആക്രമണം വരെ വന്നിട്ടുണ്ട്. അത് ഞാന്‍ പുറത്ത് പോയിട്ട് തെളിയിച്ചോളാം. ആദ്യത്തെ ആ കഥയുടെ പേരില്‍ എല്ലാ മലയാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാ പട്ടാളക്കാരോടും സോറി പറയുന്നു. ചാനലിലോടും. എന്നെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഉണ്ട്. അവരെ എനിക്കൊന്ന് ബോധ്യപ്പെടുത്തണം എന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറഞ്ഞത്.”- മിഥുൻ പറഞ്ഞു.

 

Share
Leave a Comment