പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകാൻ തയ്യാറാണോ? പാരിതോഷികവുമായി സർക്കാർ

വിവരം അധികൃതർക്ക് കൈമാറുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറത്തിറക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ, പരമാവധി 2500 രൂപയോ ആണ് പാരിതോഷികമായി ലഭിക്കുക. അതേസമയം, വിവരം അധികൃതർക്ക് കൈമാറുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

‘മാലിന്യമുക്ത നവകേരളം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. മാലിന്യം വലിച്ചെറിയുക, ദ്രവ്യ മാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ, വീഡിയോയോ സഹിതം തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് കൈമാറേണ്ടത്. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പർ, ഇമെയിൽ വിലാസം എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തുന്നതാണ്. വിവരം കൈമാറിയാൽ ഏഴ് ദിവസത്തിനകം പ്രശ്നവുമായി ബന്ധപ്പെട്ട് തീർപ്പുണ്ടാക്കുകയും, 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് പാരിതോഷികം ട്രാൻസ്ഫർ ചെയ്യേണ്ടതുമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 250 രൂപയും, ജലാശയങ്ങളിൽ നിക്ഷേപിച്ചാൽ 5,000 രൂപ മുതൽ 50,000 രൂപ വരെയുമാണ് പിഴ.

Also Read: ശമ്പളപരിഷ്കരണം: വൈദ്യുതി ബോർഡിന് സിഎജിയുടെ രൂക്ഷവിമർശനം, ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ ശുപാര്‍ശ

Share
Leave a Comment