‘എന്തും ചെയ്യാൻ മടിക്കാത്ത കുടുംബം ആണ്, എന്നെ ഭീഷണിപ്പെടുത്തി, ആക്രമിക്കാൻ വന്നു’: പോരാട്ടവുമായി സുമയ്യ

മലപ്പുറം: മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളാണ് അഫീഫയും സുമയ്യയും. എന്നാൽ, കോടതി വിധി നിലനിൽക്കെ അഫീഫയെ അവളുടെ ബന്ധുക്കൾ പിടിച്ചുവലിച്ചുകൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. പങ്കാളി സുമയ്യ ഷെറിൻ തന്റെ കൂട്ടുകാരിയെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുകയാണ്. അഫീഫയുടെ ജീവൻ തന്നെ അപകടത്തിലാണെന്ന് സുമയ്യ പറയുന്നു. തന്റെ പങ്കാളിയെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സുമയ്യ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

നിലവിൽ വനജ കളക്ടീവിന്റെ സംരക്ഷണയിലാണ് സുമയ്യ ഉള്ളത്. ജനുവരി 27 ന് അഫീഫയും സുമയ്യയും വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ വീടുകളിൽ നിന്ന് ഇറങ്ങി വരികയും നാല് മാസത്തോളം ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഇതിനിടെ വീട്ടുകാർ മകളെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയതോടെ, ഇരുവരും ജനുവരി 29ന് മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തിരുന്നു.

Also Read:രാജ്യത്ത് ഇന്ധനവില കുറഞ്ഞേക്കും! എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

പ്രശ്നങ്ങളൊന്നും ഇല്ലാതെ നാല് മാസം കടന്ന് പോയി. മെയ് 30 ന് അഫീഫയുടെ കുടുംബം തങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി തന്റെ പങ്കാളിയെ നിർബന്ധപൂർവ്വം പിടിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് സുമയ്യ ആരോപിക്കുന്നു. സൈബർ സെല്ലിൽ നിന്ന് റിട്ടയർ ചെയ്ത വേണുഗോപാൽ എന്ന ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി തന്റെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും, അദ്ദേഹം ചെയ്തത് ഇല്ലീഗൽ പരുപാടിയാണെന്നും സുമയ്യ ചൂണ്ടിക്കാട്ടുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന സുമയ്യയെ കയ്യേറ്റം ചെയ്യാൻ വരെ അവളുടെ വീട്ടുകാർ ശ്രമിച്ചതായി പെൺകുട്ടി പറയുന്നു. അഫീഫ എവിടെയെന്ന് ആർക്കും അറിയില്ല. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് അഫീഫയുടെ വീട്ടുകാരെന്നും, അവളുടെ ബന്ധുക്കളെന്നും കസിൻസെന്നും പറഞ്ഞ് നിരവധി പേര് തന്നെ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും സുമയ്യ ആരോപിക്കുന്നു.

Share
Leave a Comment