ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഭക്തജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു. 2024 ജനുവരി 14 നും 22 നും ഇടയിൽ ക്ഷേത്രം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതർ പങ്കുവെച്ചു. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ മംഗള കാര്യങ്ങൾക്കും ഈ കാലയളവ് ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം നവംബറോടെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെയും രാംലല്ല വിഗ്രഹത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതാണ്. കൂടാതെ, താഴത്തെ നിലയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നും, രണ്ടാം നിലയുടെ പണികൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന്റെ തറയിൽ മാർബിൾ സ്ഥാപിക്കലും വാതിലുകളുടെ നിർമ്മാണവും ഈ മാസം പകുതിയോടെ ആരംഭിക്കുന്നതാണ്.
ഈ മാസം 44 വാതിലുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി മഹാരാഷ്ട്രയിൽ നിന്നാണ് തേക്കിൻ തടികൾ എത്തിച്ചിരിക്കുന്നത്. മേൽക്കൂരയുടെ നിർമ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികൾ എത്തുന്നതിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും രാമനവമി ദിനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയിൽ സൂര്യകിരണങ്ങൾ പതിക്കുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Leave a Comment