ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നിർബന്ധിച്ചു തന്നിട്ട് 5 കൊല്ലമായി കള്ളന്മാർ പണം തന്നില്ല: ചാനൽ പറ്റിച്ചെന്ന് ശ്രീനിവാസൻ

നടന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ശ്രീനിവാസൻ മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സകലകലാ വല്ലഭന്‍ എന്ന് വിളിക്കാന്‍ സാധിക്കുന്ന പ്രതിഭ. അതേസമയം തന്റെ നിലപാടുകളിലൂടേയും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോൾ ഒരു ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസൻ.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറ്‌നത്. 50000 രൂപ അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ ചാനലുകാര്‍ തന്നെ പറ്റിച്ചെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ലെന്നും അഞ്ച് വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

‘ഒരു ചാനല്‍ 50000 രൂപ തരാനുണ്ട്. കള്ളന്മാര്‍ ഇതുവരെ തന്നിട്ടില്ല. അഞ്ച് കൊല്ലമായി. ഞാന്‍ തൃശ്ശൂരില്‍ സ്‌ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അവാര്‍ഡുണ്ടെന്ന് പറഞ്ഞു. എനിക്ക് വരാന്‍ പറ്റില്ല, ഞാന്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അവാര്‍ഡുണ്ട്, 50000 രൂപയാണ് എന്ന് പറഞ്ഞ് കുറെ നിര്‍ബന്ധിച്ചു. ആളെ പേഴ്സണലായി അറിയാവുന്നത് കൊണ്ട് ഞാന്‍ വരാമെന്ന് പറഞ്ഞു’ എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അങ്കമാലിയില്‍ വച്ചായിരുന്നു പരിപാടി. അങ്ങനെ താന്‍ അവിടെ എത്തി.

എന്തോ ലൈഫ് ടൈം അച്ചീവ്മെന്റ് എന്ന് പറഞ്ഞ് ഭയങ്കര പേരുള്ള അവാര്‍ഡാണ്, കേട്ടാല്‍ ഞെട്ടി പോകും അങ്ങനത്തെ ഒരു പേരായിരുന്നുവെന്നാണ് ശ്രീനിവാസന്‍ ഓര്‍ക്കുന്നത്. നമ്മള്‍ അച്ചീവ് ചെയ്തിട്ടില്ല ഒന്നും പക്ഷേ, ഇത് കേട്ടപ്പോള്‍ എന്തൊക്കെയോ ഞാന്‍ അച്ചീവ് ചെയ്തെന്ന് തോന്നിയെന്നും അദ്ദേഹം സ്വതസിദ്ധമായ തമാശ പറയുന്നുണ്ട്. 50000 രൂപയുടെ ഒരു കവര്‍ തന്നു. ചേട്ടാ അതൊരു ഫേക്ക് സാധനമാണ് തന്നത്.’

പൈസ തരുന്നുണ്ട് ഒന്ന് അക്കൗണ്ട് നമ്പര്‍ അയച്ചു തരണേ എന്ന് പറഞ്ഞുവെന്നും അത് പ്രകാരം ഞാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തുവെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അതിനു ശേഷം ഇതേ കള്ളന്‍ ക്ലോസ് ചെയ്ത ഒരു ചെക്കും ആധാര്‍ കാര്‍ഡും വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.

തനിക്ക് നാഷ്ണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതിനും പൈസ ഉണ്ടായിരുന്നു. അവര്‍ അന്ന് അക്കൗണ്ട് നമ്പര്‍ ചോദിച്ച് പൈസ അയക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. എന്റെ ജാതകം വരെ ഇവര്‍ക്ക് വേണം. അവിടെ ചെന്ന് ചോദിച്ചിട്ടും മുഴുവന്‍ കള്ളങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

Share
Leave a Comment