അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ ആന്റണി പെപ്പെ പറ്റിച്ചുവെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്ക് തെളിവ് സഹിതം നിരത്തി മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ജൂഡ് ആന്റണിയെ പാമ്പിനോടാണ് ആന്റണി പെപ്പെ ഉപമിച്ചത്. പാമ്പിനെ ഉപദ്രവിച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് പ്രതികാരം ചെയ്യുമെന്ന് പറയാറുണ്ടെന്നും നേരത്തെ തന്നെ പരിഹരിച്ച വിഷയം മൂന്നു വര്‍ഷം മനസ്സില്‍ സൂക്ഷിച്ച ശേഷം ഇപ്പോള്‍ പ്രതികരിക്കുന്നത് പാമ്പിന് സമാനമാണെന്നും പെപ്പെ പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
പെങ്ങളെ അപമാനിച്ചതില്‍ അമ്മ കേസു കൊടുത്തിട്ടുണ്ടെന്നും നടന് പറഞ്ഞു. സ്വന്തം പെങ്ങളെ അപമാനിക്കുന്നത് നോക്കിനില്ക്കാന് നിങ്ങള്‍ക്ക് ആവുമോയെന്നും നടന് ചോദിച്ചു. സഹോദരീ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടന്റെ വാര്‍ത്താ സമ്മേളനം. വ്യക്തിപരമായ വിഷയങ്ങളിൽ തന്നെ എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും, എന്നാൽ, കുടുംബത്തെ കൂടി ഉൾപ്പെടുത്തി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും പെപ്പെ അറിയിച്ചു.
ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി വർഗീസ്. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്ന് പറഞ്ഞ പെപ്പെ, ജൂഡിന്റെ പരാമർശം തന്റെ അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിപ്പിച്ചുവെന്നും വ്യക്തമാക്കി. വാങ്ങിയ പണം തിരികെ നൽകി എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മിൽ ഒരു വർഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വർഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു.
Post Your Comments