സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം നേരിടുകയാണെന്നും ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത് വെച്ചാണെന്നും നിഖില തുറന്നു പറഞ്ഞിരുന്നു. നടിയുടെ വാക്കുൾ ശരിവെച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ അതുപോലെ തന്നെ വിമർശങ്ങളും ഉയർന്നിട്ടുണ്ട്. ചിലർ നടിയെ സംഘിണി എന്നും വിശേഷിക്കുന്നുമുണ്ട്.
ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. നിഖില പറഞ്ഞത് അവരുടെ അനുഭവമാണെന്നും, നിഖില കണ്ട കാഴ്ച കേരളത്തിലെ മുഴുവൻ മുസ്‌ലിം വിവാഹ വീടുകളിലും കാണുന്ന ഒന്നല്ല എന്നും ശ്രീജ പറയുന്നു. നിഖിലയുടെ പ്രസ്താവനയെ മുൻ നിർത്തി ഒരു ഭാഗത്ത് നടക്കുന്ന ചർച്ചകൾ മുസ്ലീങ്ങളെ മുഴുവൻ അപരിഷ്കൃതർ എന്ന് മുദ്ര കുത്താനുള്ള മുസ്ലീം വിരുദ്ധ പൊതുബോധത്തിന്റെ ശ്രമങ്ങളാണെന്നും നവീരിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത ഒരു വിഭാഗമായി മുസ്ലീങ്ങളെ മുദ്ര കുത്തുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ശ്രീജ പറയുന്നു.
ശ്രീജ നെയ്യാറ്റിന്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
കണ്ണൂരിലെ മുസ്ലീം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം വിളമ്പാറുള്ളത് എന്ന ചലച്ചിത്ര താരം നിഖില വിമലിന്റെ പ്രസ്താവനയാണല്ലോ ചർച്ചാ വിഷയം …
നിഖിത പറഞ്ഞത് അവരുടെ അനുഭവമാണ് … അഥവാ നിഖിത കണ്ട കാഴ്ച കേരളത്തിലെ മുഴുവൻ മുസ്‌ലിം വിവാഹ വീടുകളിലും കാണുന്ന ഒന്നല്ല എന്ന് സാരം …
എന്നാൽ ആ പ്രസ്താവനയെ മുൻ നിർത്തി ഒരു ഭാഗത്ത് നടക്കുന്ന ചർച്ചകൾ മുസ്ലീങ്ങളെ മുഴുവൻ അപരിഷ്കൃതർ എന്ന് മുദ്ര കുത്താനുള്ള മുസ്ലീം വിരുദ്ധ പൊതുബോധത്തിന്റെ ശ്രമങ്ങളാണ് … നവീകരിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത ഒരു വിഭാഗമായി മുസ്ലീങ്ങളെ മുദ്ര കുത്തുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട് ….
അതങ്ങേയറ്റം അപകടമാണ് … എന്ത് കിട്ടിയാലും അതെടുത്ത് തങ്ങളുടെ മുസ്ലീം വിരോധം തീർക്കാൻ ഉപയോഗിക്കുന്ന ഹിന്ദുത്വ പൊതുബോധത്തിന്റെ അപകടകരമായ സമീപനം ഈ വിഷയത്തിലുമുണ്ട് ….
മറു ഭാഗത്ത് നടക്കുന്നത് നിഖിലയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന തരത്തിൽ അസഹിഷ്ണുത പടർത്തുന്ന മനുഷ്യരുടെ അധഃപതിച്ച ജൽപനങ്ങളാണ് …
നിഖിത ചൂണ്ടിക്കാണിച്ച വിഷയത്തെ അഥവാ സ്ത്രീ വിരുദ്ധതയെ സഹിഷ്ണുതയോടെ സമീപിക്കുകയും, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ചെയ്യുക എന്നതൊരു ജനാധിപത്യ മര്യാദയാണ് .. മതവിശ്വാസിക്ക് മത നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന വിവേചനങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കുന്നില്ല എന്ന ബോധം കൂടെ അസഹിഷ്ണുത മൂത്ത് ഓടി നടക്കുന്നവർക്കുണ്ടാകണം ..ഇതൊരു ജനാധിപത്യ രാജ്യമാണ് ആരും, ഏത് മതങ്ങളും വിമർശനങ്ങൾക്കതീതമല്ല എന്ന സാമാന്യ ബോധമുണ്ടാകണം … ആ ബോധമുണ്ടായാൽ മാത്രമേ നിഖിതമാർ പറയുന്നത് സഹിഷ്ണുതയോടെ, കാര്യ ഗൗരവത്തോടെ വിലയിരുത്താൻ നിങ്ങൾക്ക് കഴിയൂ ..
മറ്റൊന്ന് …
സമൂഹത്തിൽ ലിംഗ സമത്വമെന്ന ഭരണഘടനാശയം ചർച്ചയാകുമ്പോഴൊക്കേയും സ്ത്രീവിരുദ്ധ പൊതു ബോധത്തിനുണ്ടാകുന്ന, പ്രത്യേകിച്ചും മതങ്ങളുടെ വക്താക്കൾക്കുണ്ടാകുന്ന അസഹിഷ്ണുത സമാനതകളില്ലാത്തതാണ് … ലൈംഗികാധിക്ഷേപങ്ങളും, തെറിവിളികളും, ചാപ്പകുത്തലുകളുമായി സൈബർ ഗുണ്ടാപ്പട അങ്ങിറങ്ങുകയാണ് … പിന്നൊരു കൂട്ട ആക്രമണമാണ് … ഇന്ത്യൻ ഭരണഘടനയ്ക്കൊക്കെ പുല്ലുവിലയാണ് ഇവർ കല്പിക്കുന്നത് …
ലിംഗ സമത്വത്തെ അംഗീകരിക്കാത്ത മതങ്ങളുടെ വക്താക്കൾ ലിംഗ സമത്വം എഴുതി വച്ചിരിക്കുന്ന ഭരണഘടനയുടെ വക്താക്കളെ തെറിവിളിച്ച് ആട്ടിയോടിക്കാൻ ശ്രമിക്കുന്ന കാഴ്ച ഇടയ്ക്കിടെ കാണുന്നത് കൊണ്ടും അനുഭവിക്കുന്നത് കൊണ്ടും നിഖിതയ്‌ക്ക് നേരേ നടക്കുന്ന സൈബർ വേട്ടയിൽ ഒരത്ഭുതവുമില്ല ….
സംഘികളുടെ സൈബർ വേട്ടയിൽ പതറാത്ത നിഖിത ഇവിടേയും പതറില്ല എന്നുറപ്പുണ്ട്
Post Your Comments