‘മാരിയമ്മാ..കാളിയമ്മാ..’; പാട്ട് കേട്ടതും പോലീസുകാരന്റെ ഉള്ളിലെ ഭക്തി ഉണർന്നു, സ്വയം മറന്ന് എസ്‌ഐയുടെ ഡാന്‍സ് – നടപടി

ഇടുക്കി: ഡ്യൂട്ടിയിൽ ഇരിക്കെ ഭക്തിഗാനത്തിന് ചുവടുവെച്ച എസ്.ഐയ്ക്ക് സസ്‌പെൻഷൻ. ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു എസ്.ഐയുടെ വൈറൽ ഡാൻസ്. ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ്‌ഐ കെ പി ഷാജിയാണ് വീഡിയോയിലെ താരം. ഉത്സവത്തിന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ യൂണിഫോമിലാണ് നൃത്തം ചെയ്തത്. ‘ മാരിയമ്മ …. കാളിയമ്മ ‘ എന്ന തമിഴ് ഗാനത്തിനൊപ്പമാണ് എസ്‌ഐ ചുവടുവെച്ചത്.

നൂറുകണക്കിന് ആൾക്കാരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിലും ഇട്ടു. ഇതോടെയാണ് ഷാജിക്ക് പണി കിട്ടിയത്. സംഭവത്തിന് പിന്നാലെ കെ പി ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി എസ് പിയുടെ നടപടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ഉത്സവത്തിനായി ക്ഷേത്രപരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെ എസ് ഐ സ്വയം മുന്നോട്ട് വന്ന് മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലരെത്തി എസ്‌ഐയെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഇതോടെ എസ് ഐ കെ.സി ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Share
Leave a Comment