കൊച്ചി: ‘ബിന്ദു അമ്മിണി വിവാഹിതയാകുന്നു’, രണ്ട് ദിവസമായി തന്നെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തയിൽ വ്യക്തത വരുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ‘സംഘികൾ എന്റെ കല്യാണ കത്ത് ഇറക്കിയതായി അറിഞ്ഞു. തീയതിയും സ്ഥലവും കൂടി ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു’ ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ശബരിമല പ്രവേശനത്തിന് പിന്നാലെ തനിക്ക് കേരളത്തിലെ പൊതുഇടങ്ങളിൽ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നതായി ബിന്ദു അമ്മിണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ശബരിമലയില്‍ കയറി എന്ന കാരണത്താല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്നായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ ‘തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്‌റ്റോപ്പ് ബസു കൂടി’ എന്നെഴുതിയ ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു.
കോഴിക്കോട് പൊയില്‍കാവ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു യാത്രക്കാരി കൈകാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു. എന്നാല്‍, താന്‍ കയറാനായി നോക്കുമ്പോള്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് അവര്‍ തന്റെ കുറിപ്പില്‍ പറയുന്നു. പിന്നെ ഇങ്ങനെയുള്ള അനീതിക്ക് എതിരെ കോടതിയിലേയ്ക്ക് പോകണം എന്ന് പറയുന്നവരോട്, ഇങ്ങനെയെങ്കില്‍ എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയില്‍ പോകേണ്ടി വരുമെന്നും ബിന്ദു അമ്മിണി ആരോപിച്ചിരുന്നു.
Post Your Comments