വയനാട് വീണ്ടും കടുവ ഭീതിയിൽ : പശുക്കിടാവിനെ ആക്രമിച്ചു കൊന്നു, ക്യാമറ സ്ഥാപിച്ചു

നഗരസഭയുടെ മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

മാനന്തവാടി: വയനാട് വീണ്ടും കടുവ ഭീതിയിലാണ്. മാനന്തവാടി നഗരസഭ പരിധിയിലാണ് ഇന്ന് കടുവ എത്തിയത്. നഗരസഭയുടെ മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.

ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് സംഭവം. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു.

Read Also : ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു

അതേസമയം, പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും കടുവ ഭീതി പടർത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റര്‍ മാറി വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കര്‍ എസ്‌റ്റേറ്റ് വനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. കടുവ പോലെയുള്ള വന്യമൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ ജനവാസ മേഖലയിലേക്ക് എത്തിപ്പെടാന്‍ ഇത് മൂലം കഴിയുന്നുണ്ട്. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നത്.

Share
Leave a Comment