Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews Story

അറിയുമോ കായംകുളത്തെ വിറപ്പിച്ച കൃഷ്ണപുരം യക്ഷിയുടെ കഥ? ഇപ്പോൾ യക്ഷി ഇവിടെയാണ്

ഇപ്പോൾ തിരുവിതാംകൂർ എന്നു പറയുന്ന രാജ്യം പണ്ടൊരുകാലത്ത് വേണാട് (തൃപ്പാപ്പൂര്), ഓണാട് (കായംകുളം), ദേശിംഗനാട് അല്ലെങ്കിൽ ജയസിംഹനാട് (കൊല്ലം), ചെമ്പകശ്ശേരി (അമ്പലപ്പുഴ), തെക്കുംകൂർ, വടക്കുംകൂർ മുതലായ പല പേരുകളിൽ ആണ് അറിയപ്പെട്ടിരുന്നത്. ഇതിൽ ഓണാടിനെ ഭയപ്പെടുത്തിയിരുന്ന ഒരു യക്ഷിയുണ്ടായിരുന്നു. കായംകുളത്ത് രാജാവിന്റെ രാജ്യത്തുള്ള കൃഷ്ണപുരത്തായിരുന്നു ഉപദ്രവം. ഈ യക്ഷി മനുഷ്യനെ ആകർഷിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു പതിവ്. ആ യക്ഷി സർവ്വാംഗസുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷം ധരിച്ചുകൊണ്ട് നാട്ടുവഴിയിൽ പോയി നില്ക്കും. ആ വഴിയിൽക്കൂടി പുരുഷന്മാരാരെങ്കിലും വന്നാൽ പുഞ്ചിരി തൂകിക്കൊണ്ട് അടുത്ത് ചെന്ന് “ഒന്ന് മുറുക്കാൻ തരാമോ?”എന്നു ചോദിക്കും.

ആ പുഞ്ചിരി കാണുമ്പോൾ യുവാക്കളുടെയും വൃദ്ധരുടെയും വരെ മനസ്സു മയങ്ങിപ്പോകും. മുറുക്കാൻ കൊടുത്തു കഴിയുമ്പോൾ “വരണം നമുക്ക് വീട്ടിലേക്ക് പോകാം; ഊണു കഴിഞ്ഞിട്ട് പോയാൽ മതി.” എന്നു ക്ഷണിക്കും. അതിനെ ധിക്കരിച്ചു പോകാൻ ആർക്കും ധൈര്യമുണ്ടാകാറില്ല. മിക്കവരും വഴി നടന്നും വിശന്നും വളരെ ക്ഷീണിച്ചവരായിരിക്കും. അല്ലെങ്കിലും ആ മോഹനാംഗിയുടേ ക്ഷണത്തെ ഉപേക്ഷിച്ച് എങ്ങനെ പോകും? അതു മനുഷ്യരാൽ സാധ്യമല്ലായിരുന്നു. അതിനാൽ ക്ഷണിച്ചാലുടനെ സമ്മതിച്ച് എല്ലാവരും അവളുടെ കൂടെപ്പോകുക പതിവായിരുന്നു. ഇവളുടെയൊപ്പം പോകുന്നവർക്ക് മരണം ഉറപ്പായിരുന്നു. കുറച്ചു ദൂരം പോയാൽ അക്കാലത്തു ജനവാസമില്ലാത്ത ഒരു വനപ്രദേശമുണ്ടായിരുന്നു. ആ കൊടുങ്കാട്ടിൽച്ചെല്ലുമ്പോൾ ആ സുന്ദരി വേഷം മാറി തന്റെ സ്വന്തം വേഷം ധരിക്കും.

ഏറ്റവും ഭയങ്കരിയായ ആ യക്ഷിയുടെ വേഷം കാണുമ്പോൾ തന്നെ മനുഷ്യരെല്ലാം ബോധം കെട്ടു നിലത്തുവീഴും. ഉടനെ യക്ഷി അവരെപ്പിടിച്ചു ചീന്തി ചോര കുടിച്ചു കൊല്ലുകയും ചെയ്യും. ഇതുമൂലം ഈ യക്ഷി പ്രശസ്തയായി തീരുകയും ആരും ഭയം മൂലം അതുവഴി പോകാതെയുമായി. അതോടെ യക്ഷി രാജ്യവാസികളെത്തന്നെ ഉപദ്രവിച്ചു തുടങ്ങി. അതിനാൽ അവിടെ ആർക്കും പുറത്തിറങ്ങി സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. അതറിഞ്ഞ് കായംകുളത്തു രാജാവ് ഈ യക്ഷിയെ അവിടെനിന്ന് ഓടിച്ചുവിടുന്നതിനായി അനേകം മന്ത്രവാദികളെ അവിടെ വരുത്തി. എന്നാൽ അവരുടെ മന്ത്രവിദ്യകൾ ഫലിച്ചില്ലെന്ന് മാത്രമല്ല പല മന്ത്രവാദികൾക്ക് അവരുടെ ജീവനും നഷ്ടമായി.

അങ്ങനെ വിഷമിച്ചിരുന്ന രാജാവിനോട് ആരോ പാറമ്പുഴ എന്ന ദേശത്ത് ‘കുമാരമംഗലം’ എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂരിയുണ്ടെന്നും അദ്ദേഹത്തിന് യക്ഷിയെ ഓടിക്കാൻ സാധിക്കുമെന്നും ധരിപ്പിച്ചു. അതിൻപ്രകാരം നമ്പൂതിരിയെ കായംകുളത്തു വരുത്തി. കായംകുളത്തെത്തി രാജാവിനെ കണ്ടപ്പോൾ സംഗതികളെല്ലാം രാജാവു നമ്പൂരിയെ ഗ്രഹിപ്പിച്ചു. നമ്പൂരി കുളിയും ഊണും കഴിച്ചതിന്റെ ശേഷം കൃഷ്ണപുരത്തേക്കു പോയി. അദ്ദേഹം ഒരു വഴിപോക്കന്റെ ഭാവത്തിൽ വഴിയിൽ കൂടി പോയപ്പോൾ പതിവു പോലെ മനുഷ്യസ്ത്രീയുടെ വേഷം ധരിച്ചു കൊണ്ട് നമ്പൂരിയുടെ അടുക്കൽച്ചെന്നു മുറുക്കാൻ ചോദിച്ചു. ഉടനെ നമ്പൂരി ചിരിച്ചുകൊണ്ട് “മുറുക്കാൻ മാത്രമല്ല, എന്റെ കൂടെ വന്നാൽ നിനക്കു വേണ്ടതെല്ലാം ഞാൻ തന്നുകൊള്ളാം” എന്നു പറയുകയും ചെയ്തു.

അതിനിടയ്ക്ക് അദ്ദേഹം ഒരു മന്ത്രം ജപിച്ച് യക്ഷിയെ ബന്ധിക്കുകയും ചെയ്തിട്ട് നേരെ വടക്കോട്ട് നടന്നു തുടങ്ങി. നമ്പൂരിയുടെ മന്ത്രശക്തികൊണ്ട് ഒഴിഞ്ഞു പോകാൻ നിവൃത്തിയില്ലാതെയാവുകയാൽ യക്ഷി മനുഷ്യസ്ത്രീയുടെ വേഷമായിത്തന്നെ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അസ്തമിച്ചു നേരം വെളുക്കുന്നതിനു മുമ്പു നമ്പൂരി യക്ഷിയോടു കൂടി ഇല്ലത്തെത്തി. അപ്പോഴും യക്ഷി മനുഷ്യസ്ത്രീയുടെ വേഷം തന്നെയാണ് ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇല്ലത്തുള്ള അന്തർജനങ്ങൾക്ക് അതിശയമായി. അതിന്റെ മറുപടിയായി അവളൊരു അഗതിയാണെന്നും അവൾക്ക് കഞ്ഞിയോ ചോറോ വല്ലതും ആഹാരത്തിനു കൊടുത്തേച്ചാൽ അവളൊരു ദാസിയായിട്ട് ഇവിടെ പാർത്തുകൊള്ളുമെന്നും നമ്പൂതിരി പറഞ്ഞു. കൂടാതെ അവളെ നാലുകെട്ടിനകത്തു പ്രവേശിപ്പിക്കരുതെന്നും താക്കീതു ചെയ്തു.

യക്ഷി അവിടം വിട്ടുപോകാതിരിക്കാനായി നമ്പൂതിരി ഒരു നാരായതിൽ അവളെ ആവാഹിച്ചു നാലുകെട്ടിനുള്ളിലെ നടുമുറ്റത്ത് ആ നാരായം തറച്ചു വെച്ചിരുന്നു. മറ്റെവിടെയോ മന്ത്രവാദത്തിനു പോയ നമ്പൂരി ഇല്ലാത്ത സമയം നോക്കി അന്തർജ്ജനത്തിനോട് കേണപേക്ഷിച്ചു യക്ഷി നാലുകെട്ടിൽ കടക്കുകയും നടുമുറ്റത്തെ നാരായം ഊരിയെടുക്കുകയും ചെയ്തു. അങ്ങനെ അവൾ അവിടുന്ന് അപ്രത്യക്ഷമാകുകയും വീണ്ടും കൃഷ്ണപുരത്തു തന്റെ കേളികൾ ആരംഭിക്കുകയും ചെയ്തു. അതറിഞ്ഞപ്പോൾ രാജാവു പിന്നെയും ഭയപ്പെട്ടു. സേവകർ നമ്പൂതിരിക്ക് വേണ്ട വിധത്തിൽ പ്രതിഫലം കൊടുക്കാത്തതുകൊണ്ടു നമ്പൂതിരി വീണ്ടും യക്ഷിയെ തുറന്നു വിട്ടതാണെന്നു രാജാവിനെ ധരിപ്പിച്ചു.

രാജാവും ഇത് വിശ്വസിച്ചു തെക്കുംകൂർ രാജാവിന്റെ പേർക്ക് പിന്നെയും എഴുത്തയച്ച് കുമാരമംഗലത്തു നമ്പൂരിയെ വരുത്തി. താൻ പ്രതിഫലം നല്കാത്തതുകൊണ്ട് യക്ഷിയെ വിട്ടതല്ലെന്നും നടന്ന കഥ രാജാവിനെ ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും യക്ഷിയെ ബന്ധിക്കാനായി നമ്പൂതിരി കാവിനടുത്തെത്തി. അദ്ദേഹം യക്ഷി നിന്നിരുന്ന സ്ഥലത്തോടടുത്ത് ഒരു മരത്തിനു മറഞ്ഞുനിന്ന് കൊണ്ട് കൈവശമുണ്ടായിരുന്ന നൂൽച്ചരടെടുത്ത് യക്ഷിയെ നോക്കി ഒരു മന്ത്രം ജപിച്ച് മൂന്നു കെട്ടുകെട്ടി. അതോടുകൂടി യക്ഷിയെ ബന്ധിക്കുകയും കഴിഞ്ഞു. ഉടനെ അദ്ദേഹം വടക്കോട്ടു നടന്നു തുടങ്ങി. പിന്നാലെ യക്ഷിയും പോയി. ആ പ്രാവശ്യം യക്ഷി പോയത് നമ്പൂരിക്കല്ലാതെ മറ്റാർക്കും തന്നെ കാണ്മാൻ പാടില്ലാത്ത വിധത്തിൽ ദേഹം മായയാൽ മറച്ചുകൊണ്ടാണ്.

ഇല്ലത്തെത്തിയ യക്ഷി നമ്പൂതിരിയോട് തന്നെ ദാസിയാക്കരുതെന്നു അപേക്ഷിച്ചു. ആരെയും ഉപദ്രവിക്കാതെ ഇരുന്നാൽ നിന്നെ ഞാനെന്റെ പരദേവതയെപോലെ കുടിയിരുത്തി ആദരിച്ചു  കൊള്ളാം എന്ന് നമ്പൂരി അറിയിച്ചു. അങ്ങനെ ചെറുതായിട്ട് ഒരു ശ്രീകോവിൽ പണിയിക്കുകയും ഒരു വിഗ്രഹമുണ്ടാക്കിച്ചു യക്ഷിയെ ആ ബിംബത്തിങ്കലാവാഹിച്ച് ആ ശ്രീകോവിലിൽ യഥാവിധി പ്രതിഷ്ഠിക്കുകയും അവിടെ പതിവായി നിവേദ്യം തുടങ്ങുകയും ചെയ്തു. പ്രതിഷ്ഠ കഴിഞ്ഞതിന്റെ ശേഷം ആ യക്ഷിയുടെ ഉപദ്രവം ഇക്കാലം വരെ ആർക്കും ഉണ്ടായിട്ടില്ല. ആ യക്ഷി കുമാരമംഗലത്തു നമ്പൂരിയുടെ പരദേവതയുടെ നിലയിൽ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നു. ആ ഇല്ലത്തുള്ളവർ ആ യക്ഷിക്കു പതിവുള്ള നിവേദ്യം ഇപ്പോഴും മുടക്കം കൂടാതെ നടത്തിപ്പോരുന്നുമുണ്ട്. രാജാവ് ചവറ എന്ന സ്ഥലത്തിന് കരമൊഴിവാക്കുകയും അനേകം സമ്മാനങ്ങൾ കൊടുത്തു സന്തുഷ്ടനാക്കുകയും ചെയ്തു.

അവലംബം :( ഐതീഹ്യമാല)

Image courtesy: google

shortlink

Related Articles

Post Your Comments

Related Articles


Back to top button