ചെഗുവേരയുടെ കൊച്ചുമകൾ എസ്തഫാനിയ ഗുവേരയ്‌ക്കൊപ്പമുള്ള യാത്രയുടെ ഓർമ്മകൾ പങ്കുവെച്ച് ചിന്ത ജെറോം

തിരുവനന്തപുരം: ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയ്ക്കൊപ്പം അഷ്ടമുടികായലിലൂടെ യാത്ര നടത്തിയതിന്റെ ഓർമ്മകൾ പങ്കുവെച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കണ്ടൽക്കാടുകൾ പ്രകൃതിദത്തമായി കവാടം ഒരുക്കിയ ചെറു വഴികൾക്കിടയിലൂടെയും ചെറു പാലങ്ങൾക്കിടയിലൂടെയും അതിസുന്ദരമായ യാത്ര അനുഭവമാണ് അഷ്ടമുടിക്കായൽ തങ്ങൾക്ക് സമ്മാനിച്ചതെന്ന് ചിന്ത പറയുന്നു.

ചിന്തയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയ്ക്കൊപ്പം അഷ്ടമുടികായലിലൂടെ യാത്ര നടത്തിയിരുന്നു. ചെറുവള്ളത്തിലായിരുന്നു കായൽ സവാരി. കണ്ടൽക്കാടുകൾ പ്രകൃതിദത്തമായി കവാടം ഒരുക്കിയ ചെറു വഴികൾക്കിടയിലൂടെയും ചെറു പാലങ്ങൾക്കിടയിലൂടെയും അതിസുന്ദരമായ യാത്ര അനുഭവമാണ് അഷ്ടമുടിക്കായ സമ്മാനിച്ചത്. ചില സ്ഥലങ്ങളിൽ എത്തുമ്പോൾ വള്ളത്തിന്റെ തട്ടിൽ നിന്ന് ഇറങ്ങി താഴെയിരുന്ന് തല നന്നേ താഴ്ത്തി ചെറു പാലങ്ങളും ചെറു കണ്ടൽ കവാടങ്ങളും മുറിച്ചു കടക്കുകയുണ്ടായി. അത്തരം രസകരമായ അനുഭവം നാമെല്ലാവരും ആസ്വദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ചിന്തയ്‌ക്കെതിരെ ലോകായുക്തയിൽ പരാതികൾ ഉയർന്നിരുന്നു. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചട്ടം ലംഘിച്ച് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവില്‍ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. 9-ാം വകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ സിവില്‍ നടപടി നിയമസംഹിത പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷനുണ്ട്. അങ്ങനെയിരിക്കെ പാര്‍ട്ടി കൊടി പിടിക്കുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ശരിയല്ലയെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നുമാണ് പരാതി.

Share
Leave a Comment