മുഖ്യസൂത്രധാരൻ ശരത്, ദേവുവിനെയും ഗോകുലിനെയും പണം വാഗ്ദാനം ചെയ്ത് സംഘത്തിലെത്തിച്ചു: ഹണിട്രാപ്പ് കേസിൽ സംഭവിച്ചത്

പാലക്കാട്: അറസ്റ്റിലായ ഹണിട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ. സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയം സ്വദേശി ശരത് ആണ്. ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ്, കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്, കൊല്ലം സ്വദേശിനി ദേവു എന്നിവരാണ് കേസിലെ കൂട്ടുപ്രതികൾ. വ്യവസായിയില്‍ നിന്ന് ഹണിട്രാപ്പിലൂടെ സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് ഇവരെ പാലക്കാട് പോലീസ് പിടികൂടിയത്.

സംഘത്തെ നിയന്ത്രിച്ചതും പദ്ധതി ഒരുക്കിയതും ശരത് ആണ്. പണമുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഇവരെ കെണിയിൽ വീഴ്ത്താൻ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കും. ഇതിന് വേണ്ടി പ്രത്യേക മൊബൈല്‍ ഫോണും, സിമ്മുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അയക്കുന്ന മെസ്സേജുകൾക്ക് മറുപടി അയക്കുന്നവരെ അതിവിദഗ്ധമായി കെണിയിൽ വീഴ്ത്തും. ഇതിനായി ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളായ ദേവു, ഗോകുല്‍ എന്നിവരെ പണം വാഗ്ദാനം നൽകി കൂടെ ചേർത്തു.

വ്യവസായിയുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. കെണിയിൽ വീണെന്ന് മനസിലായതോടെ വ്യവസായിയെ ദേവു പാലക്കാടേക്ക് ക്ഷണിച്ചു. ദേവുവിന്റെ സൗന്ദര്യത്തിൽ വീണ ഇയാൾ പാലക്കാടെത്തി. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി പാലക്കാട് യാക്കരയിൽ വീട് വാടകയ്ക്ക് എടുത്തു. ഒലവക്കോട് എത്തിയ വ്യവസായിയെ ‘അമ്മ ആശുപത്രിയിലാണെന്നും ഒറ്റക്കാണെന്നും’ പറഞ്ഞ് ഈ വാടക വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ എത്തിയ ഇയാളെ സംഘം ആക്രമിക്കുകയായിരുന്നു.

വ്യവസായിയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ കാറിൽ നിന്നും അതിസാഹസികമായി പുറത്തേക്ക് ചാടിയ ഇദ്ദേഹം പാലക്കാട് സൗത്ത് പോലീസുമായി ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. വ്യവസായി രാക്ഷപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോകാൻ ശ്രമം നടത്തി. ഇതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ഹണി ട്രാപ്പിന് സമാനമായ തട്ടിപ്പാണ് നടന്നത്. സംഘം മുൻപും ആരെയെങ്കിലും സമാനമായ രീതിയിൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. വസായിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Leave a Comment