KeralaLatest NewsIndia

ഇസ്ലാമിക രാഷ്‌ട്രത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീംലീഗിലും: ലീഗിന് പച്ചവർഗീയത- രൂക്ഷവിമർശനവുമായി കോടിയേരി

അക്രമശൈലി മറ്റൊരു തരത്തിൽ കേരളത്തിൽ നടപ്പാക്കാനാണ് മുസ്ലീംലീഗ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തുകയും പച്ചയായ വർഗീയത വിളമ്പുകയും ചെയ്തത്

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെ ലേഖനത്തിൽ ആണ് കോടിയേരിയുടെ പരാമർശം. ‘ഇന്ത്യൻ ഭരണഘടനയുടെ സത്തയെ മുസ്ലിം ലീഗ് വെല്ലുവിളിക്കുകയാണ്. പച്ചയായ വർഗീയതയാണ് ലീഗ് പുറത്തെടുത്തിരിക്കുന്നത്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്റെ പേര് പറഞ്ഞ് മുസ്ലീം ലീഗ് കോഴിക്കോട് നടത്തിയ എൽഡിഎഫ് സർക്കാർ വിരുദ്ധ പ്രകടനവും സമ്മേളനവും.’

‘സ്വന്തം പ്രവൃത്തി കൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്‌ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷ നേടാൻ ലീഗ് വിപത്തിന്റെ വഴി കണ്ടെത്തിയിരിക്കുകയാണ്. ധാക്കയിൽ ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലീം ലീഗിന്റെ വഴി തീവ്ര വർഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലീം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തിൽ ആ സംഘടന ഉയർത്തി. വഖഫ് ബോർഡിന്റെ നിയന്ത്രണവും നേതൃത്വവും കുറേനാൾ മുസ്ലീം ലീഗിനായിരുന്നു.’

‘ഈ കാലത്ത് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ട്. അതിലുള്ള അന്വേഷണത്തേയും നിയമനടപടികളേയും മറികടക്കാനാണ് മുസ്ലീം ലീഗിന്റെ സമര കോലാഹലം. അതിന് വേണ്ടി വിഭജനകാല മുസ്ലീംലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടേയും രാഷ്‌ട്രീയത്തിന്റെ ചാമ്പ്യൻമാരായി മുസ്ലീംലീഗ് നേതാക്കൾ മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, മക്കളേയും കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുക തുടങ്ങിയ കാളകൂടവിഷം ലീഗ് ചീറ്റുന്നത്.’

‘ഈ വിഷയത്തിൽ ലീഗിനെ തിരുത്താനോ തള്ളാനോ കോൺഗ്രസിലെ ഒരു നേതാവും തയ്യാറായിട്ടില്ല. ‘ഇത് സംസ്ഥാന കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധിയുടെ തെളിവാണെന്നും കോടിയേരി പറയുന്നു. ‘ഇത് കൂടാതെ ബംഗാളിൽ സായുധരായ മുസ്ലീം യുവാക്കൾ അക്രമസമരത്തിന് ഇറങ്ങിയപ്പോൾ ലീഗ് പ്രതിനിധിയായ ബംഗാൾ മുഖ്യമന്ത്രി സുഹ്‌റാവർദി അക്രമം അമർച്ച ചെയ്യാൻ പോലീസിനെയോ സൈന്യത്തെയോ വിട്ടില്ല. ഇത് ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചു.’

‘അന്നത്തെ അക്രമശൈലി മറ്റൊരു തരത്തിൽ കേരളത്തിൽ നടപ്പാക്കാനാണ് മുസ്ലീംലീഗ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തുകയും പച്ചയായ വർഗീയത വിളമ്പുകയും ചെയ്തത്. എൽഡിഎഫ് ഭരണം ഇവിടെ ഉള്ളത് കൊണ്ടാണ് നാട് വർഗീയ ലഹളയിലേക്ക് വീഴാത്തത്.’ ഇസ്ലാമിക രാഷ്‌ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗിൽ പ്രവേശിച്ചിരിക്കുകയാണ് എന്നും കോടിയേരി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button