സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കോവിഡ് പോസിറ്റീവ് ആയവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചു: വിവാദം

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായവരെ കൂടി ഉൾപ്പെടുത്തി സിപിഐഎം നടത്തിയ ബ്രാഞ്ച് സമ്മേളനത്തിനെതിരെ വിമർശനം. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നാണു ഉയരുന്ന ആരോപണം. പുതുശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ കിണാശ്ശേരി തണ്ണീര്‍ പന്തല്‍ ബ്രാഞ്ച് സമ്മേളനമാണ് വിവാദത്തിന് വഴിയൊരുക്കിയത്.

സമ്മേളനത്തിന് അഞ്ച് ദിവസം മുന്നെയായിരുന്നു ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. തങ്ങള്‍ക്ക് കൊവിഡ്-19 ബാധിച്ച വിവരം ഇവര്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാൽ, സമ്മേളനത്തിലെത്തിയവരില്‍ പലരും ഇത് ശ്രദ്ധിച്ചിരുന്നില്ല എന്നാണു ഇപ്പോൾ നൽകുന്ന വിശദീകരണം. സമ്മേളനം കഴിഞ്ഞ ശേഷമാണ് കൊവിഡ്-19 രോഗി പങ്കെടുത്ത വിവരം മറ്റ് അംഗങ്ങള്‍ അറിഞ്ഞത്. ഇതോടെ അവിടെ എത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ പങ്കെടുപ്പിച്ചതെന്നാണു മറ്റ് അംഗങ്ങളുടെ ആരോപണം. കമ്മിറ്റി കൈവിട്ട് പോകാതിരിക്കാൻ ആണ് കോവിഡ് ആയിരുന്നിട്ട് കൂടി ഇവരെ പങ്കെടുപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ഇവരെ നിര്‍ബന്ധിച്ചു സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതാണെന്നാണ് ഉയരുന്ന ആക്ഷേപം. 2 പേരുടെ പിന്തുണയില്‍ എസ്. കൃഷ്ണദാസ് തന്നെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

Share
Leave a Comment