പാലക്കാട്: തൃശൂരിന് പുറമെ പാലക്കാട് ജില്ലയിലും നേരിയ ഭൂചലനം. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. എന്നാൽ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി. അഞ്ചുസെക്കന്‍ഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്.
ഇടിമുഴക്കം പോലുള്ള ശബ്ദത്തോടുകൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുകളുടെ ചുമരില്‍ വിള്ളലുണ്ടായിട്ടുണ്ട്. പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.
Post Your Comments