ഒടുവില്‍ വിശ്വസ്തനും കയ്യൊഴിഞ്ഞു: വഞ്ചിച്ചെന്ന് കമല്‍, വട്ടപൂജ്യമായി മക്കള്‍ നീതി മയ്യം

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്ന ഡോ.ആര്‍. മഹേന്ദ്രനും പാര്‍ട്ടിയോട് വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹം ഇന്ന് തന്നെ ഡിഎംകെയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: വണ്ടിപ്പെരിയാർ കേസ്: പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അർജുനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ

കമലിന്റെ തെറ്റായ തീരുമാനങ്ങളും സഖ്യമുണ്ടാക്കുന്നതിലെ പിശകുമാണ് പാര്‍ട്ടിയുടെ തോല്‍വിയ്ക്ക് കാരണമായതെന്ന് മക്കള്‍ നീതി മയ്യത്തിന്റെ ഉപാധ്യക്ഷനായിരുന്ന ഡോ.ആര്‍ മഹേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ എന്ന വ്യക്തിയെ അനാവശ്യമായി ഉയര്‍ത്തിക്കാട്ടിയെന്നും പുറത്തുനിന്നുള്ള ചില ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ നീതി മയ്യത്തില്‍ ജനാധിപത്യമില്ലെന്നും പാര്‍ട്ടി വിട്ട ശേഷം മഹേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍, മഹേന്ദ്രന്‍ വഞ്ചകനാണെന്ന് കമല്‍ഹാസന്‍ തിരിച്ചടിച്ചു.

ഇക്കഴിഞ്ഞ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലാണ് മക്കള്‍ നീതി മയ്യം കന്നി അങ്കം കുറിച്ചത്. എന്നാല്‍, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്ലായിടത്തും പരാജയപ്പെടുന്ന സ്ഥിതിയാണുണ്ടായത്. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും ജനവിധി തേടിയ കമലിനെ ബിജെപിയുടെ വനതി ശ്രീനിവാസന്‍ 1,728 വോട്ടുകള്‍ക്കാണ് അടിയറവ് പറയിച്ചത്.

Share
Leave a Comment