തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും ; ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ച്

തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇന്ന് തൃശ്ശൂര്‍ പൂരത്തിന് കൊടിയേറും. 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും പൂരത്തില്‍ ഏറെ പ്രധാനമാണ്. മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്‍െ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതില്‍ തള്ളിതുറക്കുന്നതോടെയാണ്. 11.30നും 11.45നും മധ്യേ തിരുവമ്ബാടി ക്ഷേത്രത്തിലാണ് കൊടിയേറ്റം. അതിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തില്‍ 12നും 12.15നും മധ്യേ കൊടിയേറ്റം നടക്കും. കൊടിമരം ദേശക്കാരാണ് ഉയര്‍ത്തുക. ആലിന്റേയും മാവിന്റേയും ഇലകള്‍ കൊണ്ട് അലങ്കരിച്ച കൊടിമരം ആണ് ഉയര്‍ത്തുക. അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്ബൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും.

Also Read:‘മൊഴി നൽകാൻ തന്നെ നിർബന്ധിച്ചത് രമൺ ശ്രീവാസ്തവ’; മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫൗസിയ ഹസ്സൻ

കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്താന്‍ വെയിലേല്ക്കരുതെന്നാണ് വിശ്വാസം. 224 വയസ്സ് പിന്നിട്ട പൂര൦ കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്ബുരാന്‍ തുടങ്ങിവെച്ചതാണ്. ഉച്ചയ്ക്ക് 1.30 വരെ കണിമംഗലം ശാസ്താവിന് പിറകെ മറ്റു ഘടകപൂരങ്ങളും ശ്രീമൂലസ്ഥാനത്ത് എത്തിക്കൊണ്ടിരിരിക്കും. ​തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച്‌ 50 ലേറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍ നടത്തിവരുന്നുണ്ട്.

ശക്തന്‍ തമ്ബുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്ബാടി, ചെമ്ബൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്ബുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്ബുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍ (972 മേടം) തൃശൂര്‍ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്ബാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.

Share
Leave a Comment