തിരുവനന്തപുരം: നാല്‍പത് വര്‍ഷം മുമ്പാണ് തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്നത്. 80 ഏക്കറുള്ള ചിത്രാഞ്ജലിയിലെ പകുതി സ്ഥലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. അതിനൊരു മാറ്റം വരുത്തി ചിത്രാഞ്ജലി സ്റ്റുഡിയോയെ മലയാള സിനിമയുടെ കേന്ദ്രമാക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാറും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഒരുങ്ങുന്നത്.
ചിത്രാഞ്ജലി വികസനത്തിന് 66.8 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിക്ക് കിഫ്ബി അംഗീകാരമായി. തെരഞ്ഞെടുപ്പ് ചട്ടം ബാധിച്ചില്ലെങ്കില്‍ അടുത്തയാഴ്ച തന്നെ പദ്ധതിക്ക് തുടക്കമാവും. വര്‍ഷങ്ങളായി സിനിമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട ഒന്നായിരുന്നു ചിത്രാഞ്ജലി വികസനം.
പദ്ധതി വരുന്നതോടെ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും എല്ലാത്തിനും ഇവിടെ സജ്ജീകരണമുണ്ടാവും. ചിത്രാഞ്ജലി പാക്കേജ് കൂടിയാവുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്.
മികച്ച ഷൂട്ടിംഗ് ഫ്‌ളേറുകളും സെറ്റുകളുമൊക്കെ ഇവിടെ ഒരുക്കും. സാങ്കേതിക നവീകരണവും നിലവാരമുയര്‍ത്തലുമാണ് ആദ്യഘട്ടത്തില്‍ നടത്തുക. 80 ഏക്കര്‍ സ്ഥലത്ത് റെയില്‍വേ സ്‌റ്റേഷന്‍, അമ്പലങ്ങള്‍, വീടുകള്‍ എന്നിവ അടക്കം സിനിമാ ചിത്രീകരണത്തിന് വേണ്ട സെറ്റുകളൊക്കെ ഒരുക്കും.
കളറിംഗ്, എഡിറ്റിംഗ് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. നിലവില്‍ ഒരു എഡിറ്റ് സ്യൂട്ട് മാത്രമുള്ളത് മൂന്നാക്കി ഉയര്‍ത്തും. ഏറ്റവും ആധുനികമായ ഷൂട്ടിംഗ് ഉപകരണങ്ങള്‍ ലഭ്യമാക്കും. ഇവ വാടകക്കും നല്‍കും. അടുത്ത ഘട്ടത്തില്‍ കൊച്ചി കടവന്ത്രയില്‍ ചിത്രാഞ്ജലിയുടെ മറ്റൊരു യൂണിറ്റ് ആരംഭിക്കും. ഇവിടെ സിനിമാ പഠന കേന്ദ്രവും ഉണ്ടാവും.
Leave a Comment