കോഴിക്കോട് : മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണി യെന്ന് ബന്ധുക്കൾ. ഡി വൈ എഫ് ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന് പറയുന്ന, ആത്മഹത്യാകുറിപ്പ് പൊലീസിനു ലഭിച്ചു.
കോഴിക്കോട് കക്കോടി പൂവത്തൂർ സ്വദേശിയായ ദിനേശനെ ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിനേശന്റെ വീടിന് സമീപം കണ്ടയിൻമെന്റ് സോണിലെ വഴിയടക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് തർക്കം ഉണ്ടായിരുന്നു. വഴി അടയ്ക്കുന്നതിനെതിരെ നിലപാട് എടുത്ത ദിനേശനെ പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുർജിത് എന്നിവർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇവരുടെ പേരുകൾ ദിനേശന്റെ ആത്മഹത്യാക്കുറിപ്പിലും ഉണ്ട്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ദിനേശനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദിനേശന്റെ പേഴ്സിൽ നിന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പേരെടുത്ത് പറയുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന ദിനേശൻ കുറച്ചുകാലമായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Leave a Comment