ചെമ്പരത്തി’യില്‍ ഉദ്വേഗം നിറഞ്ഞ സ്വയംവരം, ആനന്ദ് കല്യാണിയെ വരണമാല്യം ചാര്‍ത്തുമോ? ചെമ്പരത്തി മഹാ എപ്പിസോഡ്

കൊച്ചി: സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ജനപ്രിയ സീരിയല്‍ ‘ചെമ്പരത്തി’ ഉദ്വേഗം നിറഞ്ഞ ഒരു സ്വയംവരത്തിന് സാക്ഷ്യം വഹിക്കുകയാണ്. 500 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ ഒരു സുപ്രധാന കഥാവഴിത്തിരിവിന് ഈ ആഴ്ച സാക്ഷ്യം വഹിക്കും. തൃച്ചംബരം തറവാട്ടിലെ അഖിലാണ്ഡേശ്വരിയുടെ മകന്‍ ആനന്ദ് ആരെയാകും വരണമാല്യം അണിയുക. വീട്ടുവേലക്കാരിയും തന്റെ പ്രാണപ്രേയസിയുമായ കല്യാണിയെ ആകുമോ അതോ ഗംഗയെ സ്വീകരിക്കുമോ?. ആ പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനായി പ്രേക്ഷകരും നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് വര്‍ഷം വിജയകരമായി പിന്നിട്ട ചെമ്പരത്തി മലയാളത്തിലെ ഏറ്റവും മികച്ചതും ജനപ്രിയവുമായ സീരിയലുകളില്‍ ഒന്നാണ്.

സീരിയലില്‍ കല്യാണി എന്ന നായികയായി അഭിനയിക്കുന്ന അമല വിവാഹ എപ്പിസോഡുകളില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഒരു നായിക എന്ന നിലയില്‍ വളരെ സുപ്രധാനമായ എപ്പിസോഡുകള്‍ ആണ് വരാനിരിക്കുന്നതെന്നും അത് സീരിയലിന്റെ ഭാഗധേയം തിരുത്തി കുറയ്ക്കുമെന്നും അമല കരുതുന്നു.

‘ചെമ്പരത്തി  500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് അത്. ഇനിയിപ്പോല്‍ പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവന്‍ ആനന്ദിന്റെയും കല്യാണിയുടെയും വിവാഹത്തെ ചുറ്റിപ്പറ്റിയാണ്.  അതിനായി അവര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന വിവാഹ എപ്പിസോഡ് എനിക്കും ചെമ്പരത്തി സീരിയലിന്റെ മുന്നോട്ടു പോക്കിനും വളരെ പ്രധാനപ്പെട്ടതാണ്. ഏറെ പ്രതീക്ഷയോടെയാണ് ചെമ്പരത്തി വിവാഹ എപ്പിസോഡിനെ ഞാന്‍ നോക്കുന്നത്,’ അമല പറയുന്നു.

500 എപ്പിസോഡുകള്‍ക്ക് തൊട്ടുപിന്നാലെ ഏറ്റവും നിര്‍ണായകമായ എപ്പിസോഡിലേക്ക് ചെമ്പരത്തി കടന്നതിന്റെ സന്തോഷവും സ്റ്റെബിന്‍ പങ്കുവെച്ചു. ‘500-ാം എപ്പിസോഡിന് ശേഷം മറ്റൊരു സന്തോഷകരമായ കാര്യം ചെമ്പരത്തിയില്‍  സംഭവിക്കാന്‍ പോകുന്നു. ആ പ്രത്യേക എപ്പിസോഡ് സെപ്റ്റംബര്‍ 5ന് വൈകുന്നേരം 7 മണിക്ക് സംപ്രേഷണം ചെയ്യും. ചെമ്പരത്തിയുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഒരു കാരണവശാലും ആ എപ്പിസോഡ് നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ എല്ലാ പിന്തുണയും ഒപ്പം വേണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു’, സ്റ്റെബിന്‍ പറഞ്ഞു.

എല്ലാ ആഴ്ചയും വൈകുന്നേരം 7 മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ ചെമ്പരത്തി  ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറയുന്നു. കല്യാണി തന്റെ അച്ഛനൊപ്പമാണ് തൃച്ഛംബരത്തെ അഖിലാണ്ഡേശ്വരിയുടെ വീട്ടില്‍ അഭയം തേടി എത്തുന്നത്. വീട്ടിലെ ഒരു വേലക്കാരിയായ അവള്‍ പക്ഷെ തന്റെ നല്ല പെരുമാറ്റത്തിലൂടെ എല്ലാവരുടെയും പ്രിയപ്പെട്ടവളാകുന്നു. എന്നാല്‍ അഖിലാണ്ഡേശ്വരിയുടെ മകന്‍ അനന്ദുമായുള്ള പ്രണയം അവള്‍ക്ക് ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട് ആ വീട്ടില്‍. ആ പ്രതിസന്ധിക്കൊടുവിലാണ് അവളുടെ വിവാഹം വന്നണയുന്നത്. അവള്‍ക്ക് തന്റെ പ്രിയപ്പെട്ട ആനന്ദിനെ വിവാഹം കഴിക്കാന്‍ ആകുമോ എന്നത് ഇപ്പോഴും ഒരു ചോദ്യമായി തന്നെ നില്‍ക്കുന്നു.

പ്രത്യേക വിവാഹ എപ്പിസോഡ് സെപ്റ്റംബര്‍ 5ന് വൈകുന്നേരം 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും.

Share
Leave a Comment