ഫ്രഞ്ച് വിപ്ലവം; ശിരച്ഛേദം ചെയ്യപ്പെട്ട നിരവധി മൃതദേഹാവശിഷ്ടങ്ങള്‍ സ്മാരകത്തിന്റെ ഭിത്തികള്‍ക്കുള്ളിൽ; നിർണായക വിവരങ്ങൾ പുറത്ത്

പാരീസ്: ഫ്രഞ്ച് വിപ്ലവകാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട 500 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പാരീസിലെ ഒരു സ്മാരകത്തിന്റെ ഭിത്തികള്‍ക്കുള്ളിലുണ്ടാകാമെന്ന് കണ്ടെത്തല്‍. ഫ്രഞ്ച് വിപ്ലവകാലത്ത് ഗില്ലറ്റിന്‍ ഉപയോഗിച്ച് ശിരച്ഛേദം നടത്തിയ മൃതദേഹാവശിഷ്ടങ്ങളാണ് ഇവയെന്നാണ് വിലയിരുത്തൽ.

സ്മാരകത്തിന്റെ ഭിത്തികളില്‍ അസ്വഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പ് ചാര്‍ലിയര്‍ എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുവരുകള്‍ക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികളുള്ളതായി കണ്ടെത്തിയത്. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന ലൂയി 16ാമന്റെയും പത്നി മേരി ആന്റൊനെറ്റിന്റെയും സ്മാരകമായ എക്സ്പിയറ്ററി ചാപ്പലിന്റെ ഭിത്തിയിലെ വിടവുകളില്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പുതിയ നിഗമനം.

ഭിത്തിയിലെ വിള്ളലുകളിലും മറ്റും പ്രത്യേക ക്യാമറ കടത്തിവിട്ടായിരുന്നു ചാര്‍ലിയറുടെ നിരീക്ഷണം. കൂറ്റന്‍ ഭിത്തിയുടെ ഒരു ഭാഗത്ത് മനുഷ്യന്റെ അസ്ഥികള്‍ അടക്കം ചെയ്ത നാല് പെട്ടികള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

1815ല്‍ ആരംഭിച്ച സ്മാരകത്തിന്റെ നിര്‍മാണം 1826ലാണ് പൂര്‍ത്തിയായത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഗില്ലറ്റിനാല്‍ കൊല്ലപ്പെട്ട 500 ഓളം പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന ഒരു സെമിത്തേരി സ്മാരകത്തിന്റെ നിര്‍മാണത്തിന് മുമ്ബ് ഇവിടെ സ്ഥിതി ചെയ്തിരുന്നതായി രേഖകളില്‍ പറയുന്നു. എന്നാല്‍ സ്മാരക നിര്‍മാണം തുടങ്ങിയതോടെ ഇവിടുത്തെ മൃതദേഹാവശിഷ്ടങ്ങള്‍ പാരീസിലെ ഭൂഗര്‍ഭ കല്ലറകളിലേക്ക് മാറ്റിയതായാണ് പറയപ്പെടുന്നത്.

Share
Leave a Comment