സൂപ്പര്‍സൈക്ലോണായി മാറിയ ഉംപുന്‍ തീരത്തോട് അടുക്കുന്നു : ജനങ്ങള്‍ക്ക് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മൂന്നാംഘട്ട മുന്നറിയിപ്പ് : സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും

ന്യൂഡല്‍ഹി : സൂപ്പര്‍സൈക്ലോണായി മാറിയ ഉംപുന്‍ തീരത്തോട് അടുക്കുന്നു , ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ പ്രദേശങ്ങളില്‍ തീവ്ര മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഒഡീഷയും ബംഗാളും തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒഡീഷയില്‍ 520 സ്ഥിരം ഷെല്‍റ്ററുകളിലേക്കും 7,500 പൊതു കെട്ടിടങ്ങളിലേക്കുമാണ് ജനങ്ങളെ മാറ്റുന്നത്.

read also : ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണ്‍ രൂപം കൊണ്ടത് 21 വര്‍ഷങ്ങള്‍ക്കു ശേഷം : സംഹാര താണ്ഡവമാടാന്‍ ഉംപുന്‍ : സംസ്ഥാനത്ത് കനത്ത മഴ

ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 520 കിലോമീറ്റര്‍ അടുത്തെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഉംപുന്‍’ സൂപ്പര്‍ ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറില്‍ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം. ബുധനാഴ്ച വൈകിട്ട് സുന്ദര്‍ബന്റെ അടുത്ത് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ വീണ്ടും ശക്തി കുറഞ്ഞു കരയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്ഥിതിഗതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിച്ച് വരികയാണ്. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞെങ്കിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Share
Leave a Comment