ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് രോഗബാധിതരുടെയും മരിച്ചവരുടെയും യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചതായി ആരോപണം. ഇതിനായി ആശുപത്രി തിരിച്ച് കോവിഡ് കണക്ക് നല്‍കുന്നത് ഡല്‍ഹി സര്‍ക്കാര്‍ അവസാനിപ്പിച്ചു. യഥാര്‍ഥ കണക്ക് പുറത്തായതോടെ ഓരോ ആശുപത്രിയിലെയും കോവിഡ് മരണ നിരക്ക് ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യബുള്ളറ്റിനില്നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. കൂടാതെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ കണക്കും ഡല്‍ഹി സര്‍ക്കാര്‍ കുറച്ചുകാണിക്കുകയാണ്.
15 കോവിഡ് രോഗികള്‍ വെന്റിലേറ്ററിലാണെന്ന് ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. ഡല്‍ഹി സര്‍ക്കാറാകട്ടെ ഈ ആശുപത്രിയില്‍ രണ്ടുപേര്‍ മാത്രമാണ് വെന്റിലേറ്ററില്‍ എന്നാണ് കാണിച്ചിട്ടുള്ളത്.അഞ്ച് കോവിഡ് രോഗികള്‍ വെന്റിലേറ്ററിലുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഒരാളും വെന്റിലേറ്ററില്‍ ഇല്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കണക്ക്.
മാധ്യമങ്ങള്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍നിന്ന് മരിച്ചവരുടെ കണക്കുകള്‍ ശേഖരിച്ചപ്പോഴാണ് ഡല്‍ഹിയിലെ യഥാര്‍ഥ ചിത്രം മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിയ കൃത്രിമം പുറത്തായത്. കോവിഡ് മരണം ഇതിനകം 200 കവിഞ്ഞ ഡല്‍ഹിയില്‍ കെജ്രിവാള് സര്‍ക്കാറിന്റെ ബുള്ളറ്റിന് പ്രകാരം വ്യാഴാഴ്ച വരെയുള്ള മരണം 115 ആണ്. അഞ്ചുപേര്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചെന്ന സര്‍ക്കാര്‍ ബുള്ളറ്റിന് വിരുദ്ധമായി 47 പേരുടെ മരണം സ്ഥിരീകരിച്ച ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രി ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
അതിനു പിറകെ ആശുപത്രി തിരിച്ചുള്ള മരണക്കണക്ക് ഒഴിവാക്കുകയും ചെയ്തു.170ലേറെ പേര് കോവിഡ് ബാധിച്ച് മരിച്ചപ്പോഴും സര്‍ക്കാര്‍ പുറത്തുവിട്ടത് കണക്ക് 74 മരണമായിരുന്നു. ഇൗ വിവരം പുറത്തായതോടെ ആശുപത്രികള്‍ നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് നല്‍കാത്തതു കൊണ്ടാെണന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇതിനു പുറമെ, വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ എണ്ണം കുറച്ചുകാണിക്കുന്ന വിവരവും പുറത്തുവന്നു.
Post Your Comments