തിരുവനന്തപുരം: നന്ദന്‍കോട് കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനും വേണ്ടി പ്രതിയെ ജനുവരി 20 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ഇ.എം. സാലിഹ് ഉത്തരവിട്ടത്.
കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യരുതെന്നാണ് ചട്ടം. എന്നാല്‍ തുടര്‍ ചികിത്സയില്‍ പ്രതി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാന്‍ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. 2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കേഡല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്.
Post Your Comments