തൃശ്ശൂര്‍: തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ തന്നെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പ്രതാപന്‍ തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ആരാകണം ഡി.സി.സി. പ്രസിഡന്റ് എന്നതിനെച്ചൊല്ലി എ-ഐ ഗ്രൂപ്പുകളുടെ തര്‍ക്കത്തില്‍ മാസങ്ങളോളമായി പരിഹാരമില്ലാത്തതിനെത്തുടര്‍ന്നാണ് പ്രതാപന്‍ തുടരട്ടേ എന്ന തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എത്തിയത്. പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ ജില്ലയിലെത്തി പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ജില്ലയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇക്കാര്യത്തില്‍ അതൃപ്തി രഹസ്യമായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
എം.പി. ആയതോടെ ഡി.സി.സി. പ്രസിഡന്റ് ആയി തുടരാന്‍ താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതോടെ എ, ഐ ഗ്രൂപ്പുകള്‍ അടുത്ത ഡി.സി.സി. പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങി. തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഡി.സി.സി. പ്രസിഡന്റ് സ്ഥാനമെന്ന നിലയില്‍ ഐ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ആരെ ഡി.സി.സി. പ്രസിഡന്റ് ആക്കണമെന്ന കാര്യത്തില്‍ ഐ ഗ്രൂപ്പില്‍ ഭിന്നത ഉടലെടുത്തിരുന്നു. എ ഗ്രൂപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍നിന്ന് പി.എ. മാധവന്‍, അബ്ദുറഹ്മാന്‍കുട്ടി, ജോസഫ് ടാജറ്റ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. ഐ ഗ്രൂപ്പില്‍നിന്ന് എം.പി. വിന്‍സന്റ്, ജോസ് വള്ളൂര്‍, ടി.വി. ചന്ദ്രമോഹന്‍ എന്നിവരുടെ പേരുകളും. എന്നാല്‍ ജില്ലയില്‍ ഇക്കാര്യത്തില്‍ ഒരു സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമിച്ചില്ല. ടി.എന്‍. പ്രതാപന്‍ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജിസന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അന്നേ ആ നിര്‍ദേശം തള്ളി പ്രതാപനോട് പ്രസിഡന്റായി തുടരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Post Your Comments