‘മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ആത്മീയ നേതാവ്’; സ്വാമി വിശ്വേശ തീര്‍ത്ഥയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ലാൽ കൃഷ്‌ണ അദ്വാനി

ന്യൂഡല്‍ഹി: സ്വാമി വിശ്വേശ തീര്‍ത്ഥയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ലാൽ കൃഷ്‌ണ അദ്വാനി. മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ആത്മീയ നേതാവാണ് അദ്ദേഹമെന്ന് അദ്വാനി പറഞ്ഞു. വിശ്വേശ തീര്‍ത്ഥയുടെ വിയോഗത്തില്‍ അതീവ ദുഖിതനാണെന്ന് അദ്ദേഹം പറഞ്ഞു.

വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിത രീതി തനിക്ക് പ്രചോദനമേകിയിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു. ദയ, വിനയം, അനുകമ്പ എന്നിവയുടെ ആള്‍രൂപമാണ് വിശ്വേശ തീര്‍ത്ഥ. അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. അദ്വാനി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും സാന്ത്വനമാഗ്രഹിക്കുന്ന അവശവിഭാഗങ്ങള്‍ക്ക് ആധ്യാത്മികതയുടേയും സേവനത്തിന്റേയും ഊര്‍ജ്ജ സ്രോതസ്സായിരുന്നു അദ്ദേഹമെന്ന് നരേന്ദ്ര മോദി പറഞ്ഞു. മനുഷ്യത്വത്തിന്റേയും സംവേദനശീലത്തിന്റേയും അറിവിന്റേയും കാര്യത്തില്‍ സ്വാമി എന്നും ഒരു ഉദാത്തമാതൃകയായിരുന്നു. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

Share
Leave a Comment