
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച സംഭവത്തിൽ വാഹനം മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് ഫൊറൻസിക് സയൻസ് ലാബിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
വേഗം കൃത്യമായ കണക്കാക്കാൻ കൂടുതൽ വ്യക്തതയുള്ള ദൃശ്യം വേണമെന്ന് ഫൊറൻസിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോർട്ടുകൾ ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറി കഴിഞ്ഞു.
ഫിസിക്സ് വിഭാഗത്തിൽനിന്നുള്ള ഒരു റിപ്പോർട്ടും സീറോളജി, ഡി.എൻ.എ. വിഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുമാണ് അന്വേഷണ സംഘത്തിന് ലാബ് അധികൃതർ കൈമാറിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച കെ.എം. ബഷീറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. വേഗം സംബന്ധിച്ച അന്തിമ റിപ്പോർട്ട് എൻ.എ.ബി.എൽ. അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്. അതുമാത്രമാണ് ഇനി നൽകാനുള്ളത്.
ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസിൽ കുറ്റപത്രം നൽകാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിശദീകരണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ പബ്ലിക് ഓഫീസിനു മുന്നിൽവെച്ച് കെ.എം. ബഷീർ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യ ലഹരിയിലായിരുന്നു എന്നുമാണ് വഫ ഫിറോസിന്റെ മൊഴി. അപകടം നടന്നപ്പോൾ ശ്രീറാമിനൊപ്പം വഫ ഫിറോസും കാറിൽ ഉണ്ടായിരുന്നു.
Post Your Comments