കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. നാല് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നീ ചിത്രങ്ങൾക്കാണ് അവാര്‍ഡുകൾ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
എം.ടി.യുടെ നിര്‍മാല്യം, ബന്ധനം, കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, കെ.ജി. ജോര്‍ജിന്റെ സ്വപ്‌നാടനം, മേള, കോലങ്ങള്‍, രാമു കാര്യാട്ടിന്റെ ദ്വീപ്, കെ. എസ്. സേതുമാധവന്റെ അമ്മെ അനുപമെ, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, ഭരതന്റെ രതിനിര്‍വേദം, ചാമരം, നിദ്ര, മര്‍മരം, ബാലചന്ദ്ര മേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥ, കമലിന്റെ ഗസല്‍, ലോഹിതദാസിന്റെ കന്മദം എന്നിവയാണ് രാമചന്ദ്ര ബാബു ഛായാഹ്രഹണം നിർവഹിച്ച പ്രധാന ചിത്രങ്ങൾ.
കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ കാണാൻ എത്തിയതായിരുന്നു രാമചന്ദ്ര ബാബു. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments