KeralaLatest NewsNews

കേരളം ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് ഒന്നരക്കോടി, ഛത്തീസ്ഗഢില്‍ നിരക്ക് പകുതി മാത്രം

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. അതീവ നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഢില്‍ കേരളം ഇപ്പോള്‍ കൊടുക്കാന്‍ തീരുമാനിച്ചതിനേക്കാള്‍ പകുതി വാടക നിരക്കിലാണ് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്. കേരളം ഒന്നരക്കോടി മാസം തോറും മുടക്കാനുദ്ദേശിക്കുന്ന ഹെലികോപ്റ്റര്‍ സേവനമാണ് ഛത്തീസ്ഗഢില്‍ പകുതി നിരക്കില്‍. അമിത വില കൊടുത്താണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ പവന്‍ ഹംസില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ പോകുന്നത്.

വെറും 20 മണിക്കൂര്‍ സര്‍വീസിനാണ് ഈ നിരക്ക്. അധിക സര്‍വീസിന് മണിക്കൂറിന് 67,926 രൂപ വെച്ചും നല്‍കണം. എന്നാല്‍ ഇതേ സൗകര്യങ്ങളുള്ള ഹെലികോപ്റ്റര്‍ അതീവ നക്‌സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഢ് ഉപയോഗിക്കുന്നത് 85 ലക്ഷം രൂപ മാത്രം വാടക നല്‍കി. അതും 25 മണിക്കൂറിന്. വിംഗ് ഏവിയേഷന്‍ എന്ന കമ്പനിയാണ് ചത്തീസ്ഗഢ് സര്‍ക്കാറിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നത്. മറ്റു പതിനൊന്ന് സംസ്ഥാനങ്ങളില്‍ പവന്‍ ഹംസാണ് സര്‍വീസ് നല്‍കുന്നത്. പൊതുമേഖല സ്ഥാപനമാണ്. പരിപാലന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഈ കമ്ബനിയെ തിരഞ്ഞെടുക്കുന്നതിലേക്ക് സര്‍ക്കാര്‍ എത്തിയതെന്ന് കേരള പോലീസ് നല്‍കുന്ന വിശദീകരണം. 56 ലക്ഷത്തിന്റെ കരാര്‍ മറികടന്നാണ് സര്‍ക്കാര്‍ പവന്‍ഹംസുമായി ഒരു കോടി 44ലക്ഷത്തിന്റെ കരാര്‍ ഉറപ്പിക്കാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരളാ പൊലീസാണ് പവന്‍ ഹാന്‍സ് വിമാനക്കമ്പനിയുമായി കരാറിലെത്തിയത്. കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button