കാസര്‍കോട് : പണംവച്ച് കോഴിപ്പോര് നടത്തുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍. അഡൂര്‍ പുതിയമ്പലത്ത് എസ് സതീശന്‍(45), ചന്ദനക്കാടിലെ പി എ അനില്‍ കുമാര്‍(32), ബന്തടുക്ക പാലാറിലെ പി എം ശ്രീധര(34), കരിവേടകം തടത്തിലെ സന്തോഷ് ടി മാത്യു എന്നിവരാണ് അറസ്റ്റിലായത്. കൊയ്ത്ത് കഴിഞ്ഞ വയലില്‍ വന്‍ സജ്ജീകരണത്തോടെയായിരുന്നു കോഴിപ്പോര് നടത്തിയിരുന്നത്. എട്ടു പൂവന്‍കോഴികളെയും 2 വാളുകളും 7130 രൂപയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. നൂറ്റന്‍പതിലേറെ ആള്‍ക്കാരും അന്‍പതിലധികം കോഴികളും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവര്‍ പൊലീസിനെ കണ്ട് കോഴികളുമായി രക്ഷപ്പെട്ടു.
ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറില്‍ എത്തിയ പൊലീസ് സംഘം അങ്കത്തട്ട് വളയുകയായിരുന്നു. അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. പൊലീസിന് നല്‍കാനെന്ന പേരില്‍ കോഴി ഉടമകളില്‍ നിന്നും ഇവര്‍ പണപ്പിരിവ് നടത്തിയതായും അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് ബെള്ളൂര്‍ ബസ്തിയില്‍ നിന്നും സമാനമായ രീതിയില്‍ കോഴിപ്പോര് പിടികൂടിയിരുന്നു.
Leave a Comment