കോടിയേരി ബാലകൃഷ്ണനെതിരെ മൊഴി നൽകിയെന്ന ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തൽ : പ്രതികരണവുമായി മാണി സി കാപ്പൻ

തിരുവനന്തപുരം: കിയാൽ ഓഹരിയുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെതിരെ സിബിഐയ്ക്ക് മൊഴി നൽകിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. കോടിയേരിക്കും, മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ താൻ സിബിഐയ്ക്ക് മൊഴി നൽകിയിട്ടില്ല. വ്യാജരേഖയാണ് ഷിബു ബേബി ജോൺ പ്രചരിപ്പിക്കുന്നത്. സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ല. ഇതുസംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതിനോടൊപ്പം മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു.

കോടിയേരിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഷിബു ബേബിജോണ്‍ ഉന്നയിച്ച ആരോപണം. കോടിയേരി ബാലകൃഷ്ണനെ മാത്രമല്ല, രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി തുടങ്ങിയവരെയെല്ലാം ദിനേശ് മേനോന് പരിചയപ്പെടുത്തിയിരുന്നു. ഇക്കാര്യമൊന്നും ആരും പറയുന്നില്ലല്ലോ എന്നും കാപ്പന്‍ ചോദിച്ചു.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് വ്യവസായി ദിനേശ് ബാബു, കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കും മൂന്ന് കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് മാണി സി കാപ്പന്‍ സി.ബി.ഐക്ക് മൊഴി നൽകിയെന്നായിരുന്നു ഷിബു ബേബി ജോണിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഫേസ്ബുക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.

Share
Leave a Comment