പ്രളയക്കെടുതി; ബിഹാറിലെ ജനങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി കേരളം

തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ദുരിതത്തിലായ ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ തയ്യാറാണെന്ന് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാറുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയും സഹായ വാഗ്ദാനം അറിയിക്കുകയും ചെയ്തു.

ശക്തമായ മഴ കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം എന്നിവ തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി തുടരുന്ന മഴയില്‍ എണ്‍പതിലധികം പേരാണ് മരണപ്പെട്ടത്. അതേസമയം, മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച വിവരം.

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദുരന്ത നിവാരണ സേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും യുപിയിലെയും ബിഹാറിലെയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, നളന്ദ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ വെള്ളം നിറഞ്ഞതിനാല്‍ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്. പട്‌ന എയിംസ് ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി 32 ബോട്ടുകള്‍ നഗരത്തിലെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രയാഗാരാജ്, ലക്‌നൗ, അമേഠി എന്നിവിടങ്ങള്‍ പ്രളയക്കെടുതി രൂക്ഷമാണ്.

Share
Leave a Comment