മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി : തീരുമാനമിങ്ങനെ

കാസർഗോഡ് : ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ, മഞ്ചേശ്വരം മണ്ഡലത്തിൽ സി എച്ച് കുഞ്ഞമ്പു എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് കുഞ്ഞമ്പു. ആദ്യം സിപിഎം മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായി കെആർ ജയാനന്ദ, ശങ്കർറൈ തുടങ്ങിയ പ്രാദേശിക നേതാക്കളെയാണ് പരിഗണിച്ചിരുന്നത്, എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ചര്‍ച്ചകള്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ കുഞ്ഞമ്പുവിന്‍റെ പേര് മാത്രമേ ഉയർന്നിരുന്നൊള്ളു.

ലീഗിലെ തർക്കങ്ങൾ യുഡിഎഫിനു വിനയാകുമെന്നും, മണ്ഡലം തിരിച്ചു പിടിക്കുമെന്നും കുഞ്ഞമ്പു പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു. മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും. അന്നത്തെ അതേ രാഷ്ട്രീയ കാലാവസ്ഥയാണ് മണ്ഡലത്തില്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. സിപിഎം സംസ്ഥാന നേതൃത്വമാണ് പേര് നിർദേശിച്ചത്. എ വിജയരാഘവൻ നിർദേശം ജില്ലാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ട്.

മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയും വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാൻ കാരണമായി. വട്ടിയൂർക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയിൽ പ്രശാന്തിനെ മത്സരിപ്പിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്. 2015ലാണ് വി കെ പ്രശാന്ത് തിരുവനന്തപുരം മേയറായി ചുമതലയേറ്റത്.

Share
Leave a Comment