ഷാംപുവും പെയിന്റും ഉപയോഗിച്ച്‌ നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്‌തതായി കണ്ടെത്തൽ

ഭോപ്പാല്‍: കൃത്രിമ പാല്‍ നിര്‍മിച്ച്‌ വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളിൽ റെയ്‌ഡ്‌. മധ്യപ്രദേശിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാൽ വിതരണം ചെയ്‌തിരുന്നത്‌. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്‌.

ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്‌. ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്‌. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.

Share
Leave a Comment