NattuvarthaKerala

വൈവിധ്യ മാമ്പഴങ്ങളുടെ ഉത്സവക്കാലം ഒരുക്കി കൊച്ചിൻ മാംഗോ ഷോ

കൊച്ചി: പഴവര്‍ഗ്ഗങ്ങളിലെ രാജാവെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഫലത്തിന് വിപണിയില്‍ ഉപഭോക്താക്കള്‍ എറെയാണ്. ജില്ലാ ആഗ്രി ഹോര്‍ട്ടികള്‍ച്ചറൽ സൊസൈറ്റിയും ഗ്രീന്‍ എര്‍ത്ത് ഫാമും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കൊച്ചിൻ മാംഗോ ഷോ ഇതിനോടകം ജനശ്രദ്ധ നേടി . മറൈന്‍ ഡ്രൈവിനടുത്തുള്ള രാജേന്ദ്ര മൈതാനിയിലാണ് പ്രദര്‍ശനം . അറുപതില്‍ അധിക വൈവിധ്യമാര്‍ന്ന മാമ്പഴ ശേഖരമാണ് ഷോയില്‍ ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണ്ണ നിറമാര്‍ന്ന വ്യത്യസ്തയിനം മാമ്പഴങ്ങള്‍ കാഴ്ചകാര്‍ക്കൊരു വിസ്മയമാണ്. മാത്രമല്ല ഇത്രയേറെ മാമ്പഴ ഇനങ്ങള്‍ രാജ്യത്തുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്. നമ്മുടെ നാടന്‍ മാമ്പഴങ്ങള്‍ മുതല്‍ മലേഷ്യന്‍ താരമായ സാഫി മാമ്പഴം വരെ ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മാമ്പഴങ്ങള്‍ എത്തിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള മല്ലിക, ഗുജറാത്തില്‍ നിന്നും ഹരിവങ്കയും കേസറിനുമൊപ്പം കേരളത്തില്‍ നിന്നുള്ള കിളിച്ചുണ്ടനും മൂവാണ്ടനുമുണ്ട്.

തൊണ്ണൂറു ശതമാനം മാമ്പഴങ്ങളും മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് , കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നാണ് ശേഖരിച്ചിട്ടുള്ളത് . മാമ്പഴങ്ങള്‍ നൂറു ശതമാനം വിഷാംശമില്ലാത്ത ജൈവ മാമ്പഴങ്ങളാണ്. മാമ്പഴത്തിന്റെ ഗുണവും സ്വാദുമനുസരിച്ചാണ് വിലയിലുള്ള മാറ്റം. 50 രൂപ മുതല്‍ 1200 രൂപ വരെയുള്ള മാമ്പഴങ്ങള്‍ ലഭ്യമാണ്. മലേഷ്യന്‍ താരമായ സാഫിയാണ് ഗുണത്തിലും വിലയിലും മുന്‍പന്തിയില്‍. ഒരു കിലോ ഗ്രാം സാഫിക്ക് 1200 രൂപയാണ്. വില കൂടുതലാണെങ്കിലും സാഫിയെ ആരും വാങ്ങാതെ പോകുന്നില്ല. അതുപോലെ തന്നെ ഷോയിലെ മറ്റൊരു ആകര്‍ഷണമാണ് കച്ചാ മീഠാ. പേര് പോലെ തന്നെയാണ് രുചിയും. ഒരു പോലെ പുളിയും മധുരവും കൂടിച്ചേരുന്നതാണ് കച്ചാ മീഠയുടെ സ്വാദ്. ഇവയെ കൂടാതെ ഹിമാപസന്ത്, പ്രിയൂര്‍ , മല്ലിക, മല്‍ഗോവ, ചക്കരക്കുട്ടി, ദസരി, ബെനിഷ, സേലം, രത്‌നഗിരി അല്‍ഫോണ്‍സ, പായില്‍ , കേസര്‍, റുമാനി, ഹരിവങ്ക, തോത്താപുരു, രസഗുള , മുംബൈ ലാല്‍ബാഗ്, ബദാമി, ഹിമായുദ്ദിന്‍, ലങ്കാര തുടങ്ങി അറുപതില്‍പരം മാമ്പഴങ്ങളും ഷോയിലുണ്ട്.

മാമ്പഴങ്ങളെക്കൂടാതെ വിവിധ ത്തൈകളുടെ പ്രദർശനവും വിൽപനയും ഷോയിലുണ്ട് . ബോണ്‍സായി മാമ്പഴ തൈകൾ ഷോയുടെ മറ്റൊരു പ്രത്യേകതയാണ്. മുണ്ടപ്പ, കര്‍പ്പൂരം, കല്‍നീലം തുടങ്ങിയവയാണ് ഒരു വര്‍ഷംകൊണ്ട് കായ്ക്കുന്ന ബോണ്‍സായി മരങ്ങള്‍. ഇവക്കെല്ലാം പുറമെ അനേകം പൂച്ചെടികളും മറ്റ് സ്റ്റാളുകളും കൊച്ചിൻ മാംഗോ ഷോയുടെ മാറ്റ് കൂട്ടുന്നു. മെയ് 19ന് മാംഗോ ഷോ അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button