കൊല്ലങ്കോട് (പാലക്കാട്)∙ മീങ്കര ഡാമിൽ ആൺസുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണകുമാര്‍ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ് ഇയാൾ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇയാൾ നരിപ്പാറച്ചള്ളയിലെത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളു.
ഇയാള്‍ക്കെതിരെ ആളിയാര്‍ പൊലീസ് സ്റ്റേഷനില്‍ 2 മോഷണക്കേസുകളും കൊല്ലങ്കോട് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസും ഉണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ഇയാള്‍ പെണ്‍കുട്ടിയെ വലയിലാക്കിയത് വളരെ തന്ത്രപരമായാണ് . സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൽ നിന്നു മീൻ പിടിക്കാനെത്തിയ ശരവണകുമാർ പെൺകുട്ടിയും ആൺസുഹൃത്തും സംസാരിച്ചിരിക്കുന്നതു കണ്ടു. സുരക്ഷാ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി ഇരുവരുടെയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി, പോകാൻ ആവശ്യപ്പെട്ടു.
ഇവരുമായി പാപ്പാൻചള്ളയിൽ എത്തി മൊബൈൽ തിരിച്ചുനൽകി. ആൺസുഹൃത്തിനോടു ബൈക്കിൽ പോകാൻ നിർദേശിച്ച ശേഷം പെൺകുട്ടിയെ ബസിൽ കയറ്റിവിട്ടു. ബസിനെ പിന്തുടർന്ന ഇയാൾ വലിയചള്ളയിൽ വെച്ചു പെൺകുട്ടിയെ തിരിച്ചിറക്കി, പൊലീസ് പിടിക്കാതിരിക്കാൻ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബൈക്കിൽ കയറ്റി മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു.
കരടിക്കുന്നിന്റെ താഴ്‍ഭാഗത്തു കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണമാല കവരുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ എം പുതൂരിനടുത്തെ കനാല്‍ സ്റ്റോപ്പില്‍ ഇറക്കിവിട്ടു. തുടർന്ന് പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു മീങ്കര പ്രദേശത്തു തിരയുകയായിരുന്ന സുഹൃത്തിനെ പെൺകുട്ടി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ പരാതി നൽകിയത്. പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Leave a Comment