ഇന്ത്യയോട് ഇനി കളി വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കടലില്‍ ഇന്ത്യയുടെ കരുത്തായി അരിഹന്ത്

ന്യൂഡല്‍ഹി : ഇന്ത്യയോട് ഇനി കളി വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കടലില്‍ ഇന്ത്യയുടെ കരുത്തായ അരിഹന്ത് ഇന്ത്യന്‍ സേനയുടെ ഭാഗമായി.
ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍് വഹിക്കാവുന്ന മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ മുങ്ങിക്കപ്പല്‍ വിജയകരമായി നിരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, കര, വ്യോമ, കടല്‍ മാര്‍ഗം ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ കരുത്തുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചു. യുഎസ്, റഷ്യ, ഫ്രാന്‍സ്, ചൈന, യുകെ എന്നിവയാണു മറ്റു രാജ്യങ്ങള്‍.

ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന സംഭവമാണ് ഇതെന്നും അരിഹന്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആണവായുധങ്ങളുടെ പേരു പറഞ്ഞ് ‘ബ്ലാക്ക്‌മെയ്ലിങ്’ നടത്തുന്നവര്‍ക്കുള്ള ഉചിതമായ മറുപടിയാണ് അരിഹന്തെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കു വിദേശ ശക്തികളുടെ ഭീഷണികളില്‍നിന്നു സംരക്ഷണം ഉറപ്പാക്കുന്നതാണ് അരിഹന്ത്’- മോദി ട്വീറ്റ് ചെയ്തു

പ്രധാനമന്ത്രി തലപ്പത്തുള്ള ന്യൂക്ലിയര്‍ കമാന്‍ഡ് അതോറിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അരിഹന്തിന്റെ നിര്‍മാണം. മൂന്നു ദശാബ്ദം കൊണ്ടാണ് 6000 ടണ്‍ ഭാരമുള്ള ഈ മുങ്ങിക്കപ്പല്‍ വികസിപ്പിച്ചെടുത്തത്.

കടലില്‍ എവിടെ നിന്നുവേണെങ്കിലും കരയിലേക്കു ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാമെന്നതാണ് അരിഹന്തിന്റെ പ്രത്യേകത. നിരീക്ഷണ സംവിധാനങ്ങള്‍ക്കു പിടികൊടുക്കാതെ ഏറെ നേരത്തേക്ക് ‘ഒളിച്ചിരിക്കാനും’ സാധിക്കും. ശത്രുരാജ്യത്തിന്റെ തീരമേഖലയിലേക്ക് ആരും അറിയാതെ കടന്നു ചെല്ലാനും ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാനും അരിഹന്തിനു ശേഷിയുണ്ട്.

Share
Leave a Comment