അടുത്ത അധ്യയന വര്‍ഷം ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. എയ്ഡഡ് കോളേജുകളിലെ മാനേജര്‍മാരുമായും പ്രിന്‍സിപ്പല്‍മാരുമായും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. എയ്ഡഡ് കോളേജുകളില്‍ ഇനി പുതിയ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്നിവ ഇതിനു കീഴിലാകും. ഇതോടെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും നിലവിലെ തിരക്ക് കുറയും.
എയ്ഡഡ് കോളേജുകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക മേന്‍മ വര്‍ധിപ്പിക്കുന്നതിനും എല്ലാ സഹായവും നല്‍കും. എയ്ഡഡ് കോളേജുകളിലെ ജോലിഭാരം സംബന്ധിച്ച് നടക്കുന്ന അദാലത്ത് പൂര്‍ത്തിയാകുമ്പോള്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടിയെടുക്കും.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിനെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് മാനേജര്‍മാരുടെ അഭിപ്രായമറിയാന്‍ യോഗം ചേരും.
ഡിസംബര്‍ 31ന് മുമ്പ് കോളേജുകള്‍ നാക് അക്രഡിറ്റേഷന്‍ നേടിയെടുക്കാന്‍ നടപടിയെടുക്കണം. കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആക്കാന്‍ എയ്ഡഡ് കോളേജുകള്‍ ശ്രദ്ധിക്കണം. കോളേജുകളിലെ എയ്ഡ്ഡ്, സ്വാശ്രയ കോഴ്‌സുകള്‍ വെവ്വേറെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. സ്വാശ്രയ കോഴ്‌സുകള്‍ക്ക് അമിതഫീസ് വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം. അധ്യയനരീതികളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരണം. ഐ.സി.റ്റി എനേബിള്‍ഡ് ടീച്ചിംഗ് സമ്പ്രദായം ആവിഷ്‌കരിക്കണം.
അധ്യാപകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും അവരെ പരീക്ഷാനടത്തിപ്പ് ഉള്‍പ്പെടെയുള്ള പ്രക്രിയകളില്‍ പങ്കാളികളാക്കണം. ഇന്റേണല്‍ അസസ്‌മെന്റ് പരാതികളില്ലാതെ നടപ്പാക്കണം. പരീക്ഷാഹാളുകളില്‍ സി.സി.ടി.വി ഉറപ്പാക്കണം. എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കോളേജ് യൂണിയനുകളുടെ പ്രവര്‍ത്തനം എയ്ഡഡ് കോളേജുകളില്‍ പ്രോത്‌സാഹിപ്പിക്കണം. മാഫിയകളുടെ പിടിയില്‍ കാമ്പസുകള്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ഇതു സഹായിക്കും. എല്ലാ കോളേജുകളിലും പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. അനധ്യാപക ജീവനക്കാരെ നിയമിക്കുമ്പോള്‍ ഇ-ഗവേണന്‍സ് ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ കാര്യക്ഷമതയുള്ളവരെ നിയമിക്കാന്‍ ശ്രദ്ധിക്കണം.
സര്‍ക്കാരില്‍ നിന്നുള്ള മെയിന്റനന്‍സ് ഗ്രാന്റ് കുടിശ്ശികയുണ്ടെന്ന പരാതികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ നടപടിയെടുക്കും. വിദ്യാര്‍ഥി സ്‌റ്റൈപ്പന്റ് വിതരണം സംബന്ധിച്ച സാങ്കേതികതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് കണ്ണൂരില്‍ ആരംഭിച്ച് കോഴിക്കോട് മേഖലയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ സാധ്യത ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിശോധിക്കും. സാലറി ചലഞ്ചില്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരില്‍നിന്ന് കൂടുതല്‍ നല്ല പ്രതികരണം വേണമെന്നും മന്ത്രി പറഞ്ഞു. ‘റുസ’ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) വഴി ഫണ്ട് ലഭിക്കാന്‍ യോഗ്യത നേടിയ സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ 102 എയ്ഡഡ് കോളേജുകള്‍, ഒന്‍പത് ട്രെയിനിംഗ് കോളേജുകള്‍, അഞ്ചു സ്വയംഭരണ കോളേജുകള്‍, 10 ഗവ. കോളേജുകള്‍, രണ്ടു യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ 128 സ്ഥാപനങ്ങള്‍ക്കാണ് റുസ രണ്ടാംഘട്ട പദ്ധതിയില്‍ ഫണ്ട് അനുവദിക്കുന്നത്.
10 മുതല്‍ 15 മാസ കാലയളവിലാണ് ഇവ പൂര്‍ത്തിയാക്കേണ്ടത്. കൂടുതല്‍ ‘റുസ’ ഫണ്ട് ലഭിക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ട്. 3.5 പോയന്റിനുമുകളില്‍ ‘നാക്’ റേറ്റിംഗ് ലഭിച്ച സ്ഥാപനങ്ങളെയാണ് ‘റുസ’ സഹായത്തിന് പരിഗണിച്ചിട്ടുള്ളത്. ഇത്തരം കോളേജുകള്‍ക്ക് രണ്ടുകോടി രൂപയാണ് ലഭിക്കുന്നത്. ഇതില്‍ 40 ലക്ഷം സര്‍ക്കാര്‍ വിഹിതവും 40 ലക്ഷം കോളേജ് വിഹിതവുമാണ്. സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് റുസ വഴി ലഭിക്കുക. ആദ്യഘട്ടമായി കോളേജുകള്‍ 20 ലക്ഷം നല്‍കിയാല്‍ തന്നെ ‘റുസ’ സഹായത്തിന്റെ ആദ്യഗഡുവായ ഒരു കോടി അക്കൗണ്ടില്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ‘റുസ’ രണ്ടാംഘട്ടത്തില്‍ ട്രെയിനിംഗ് കോളേജുകളെയും എഞ്ചിനീയറിംഗ് കോളേജുകളെയും ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും പ്രതിനിധികള്‍ അഭിപ്രായമറിയിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിത വി. കുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments