കണ്ണൂർ: ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയ്ക്കു വീടുവയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി. തീരുമാനം റദ്ദാക്കുന്നതായി റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവ് ഇന്നാണ് ചിത്രലേഖയ്ക്ക് ലഭിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. എടാട്ട് ആറു സെന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായുണ്ടെന്നതാണു ഭൂമിദാനം റദ്ദാക്കാൻ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ, എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മയ്ക്കു സർക്കാരിൽനിന്നു പതിച്ചു കിട്ടിയതാണെന്നും, അത് അവരുടെ പേരിലാണെന്നുമാണ് ചിത്രലേഖ പറയുന്നത്. ഇനിയും ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ സഖാവ് പിണറായി എന്നെയും കുടുംബത്തെയും കൊന്നു പച്ചയ്ക്കു തിന്നുന്നതാണു നല്ലത് എന്നും ചിത്രലേഖ വ്യക്തമാക്കി.
Read Also: വൃക്കരോഗം സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ് ജെയ്റ്റിലി
പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു തുടങ്ങിയത്.സിപിഎം–സിഐടിയു പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നു ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്നു. 2014–15ൽ നാലു മാസത്തോളം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുടിലുകെട്ടിയും തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും ചിത്രലേഖ രാപകൽ സമരം നടത്തി. തുടർന്ന് 2016 മാർച്ചിൽ അന്നത്തെ യുഡിഎഫ് സർക്കാർ ചിറയ്ക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റ് സ്ഥലം അനുവദിച്ചു.
Leave a Comment