അബുദാബി: വാഹനം ഓടിച്ചാല്‍ മാത്രമല്ല, വഴിയെ നടന്നാലും പിഴ. സിഗ്നലിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നതിനും അലസമായി വഴിയേ നടന്നതിനും യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പിഴയിട്ടത് 10400 പേര്‍ക്ക്. പെഡസ്ട്രിയന്‍ ക്രോസിങിലൂടെയോ മേല്‍പ്പാലങ്ങളിലൂടെയോ അണ്ടര്‍ഗ്രൗണ്ട് പാസേജുകളിലൂടെയോ മാത്രമെ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാവൂ.
റോഡ് മുറിച്ചു കടക്കാന്‍ നിര്‍ണയിച്ചിട്ടുള്ള ഭാഗത്തു കൂടിയല്ലാതെ റോഡ് ക്രോസ് ചെയ്യരുതെന്നും സീബ്രാ ക്രോസിങ് പോയിന്റുകളിലെ സിഗ്‌നല്‍ വളരെ ശ്രദ്ധയോടും ജാഗ്രതയോടും നിരീക്ഷിച്ചു മാത്രമെ മറുഭാഗത്തേക്ക് കടക്കാവൂ എന്നും അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ട്രാഫിക് കണ്‍ട്രോള്‍ തലവന്‍ മേജര്‍ അബ്ദുല്ല അല്‍ ഖുബൈസി അറിയിച്ചു. അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം നടത്തുന്ന മിന്നല്‍ പരിശോധനയില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. റോഡു സിഗ്‌നലുകളിലെ പെഡസ്ട്രിയന്‍ ക്രോസിങിലൂടെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.
റോഡു മുറിച്ചു കടക്കുന്ന യാത്രക്കാരുടെ സുരക്ഷക്കായി വാഹനങ്ങളുടെ വേഗം കുറക്കുകയും ആവശ്യമെങ്കില്‍ വാഹനം നിര്‍ത്തുകയും വേണം. ഡ്രൈവര്‍മാര്‍ ട്രാഫിക് സിഗ്‌നലുകളിലെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം റോഡിലെ നിശ്ചിത വേഗപരിധി എല്ലാ സാഹചര്യത്തിലും പാലിക്കുകയും വേണം. പെഡസ്ട്രിയന്‍ ക്രോസിങില്‍ വേഗ പരിധി ലംഘിച്ചാല്‍ 500 ദിര്‍ഹവും ആറു ബ്ലാക് പോയിന്റും ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പെഡസ്ട്രിയന്‍ ക്രോസിങുകളില്‍ കാല്‍നട സൈക്കിള്‍ യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം വേഗം കുറക്കാതെയും നിര്‍ത്താതെയും സഞ്ചരിച്ചതിന് 1083 ഡ്രൈവര്‍മാര്‍ക്കെതിരെയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അബുദാബി ട്രാഫിക് പൊലീസ് പിഴ ചുമത്തി.
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് വേണ്ടി ബോധവല്‍ക്കരണങ്ങള്‍ അടക്കം നടപ്പിലാക്കുമ്പോഴാണ് ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നത്. ട്രാഫിക് ജംഗ്ഷനുകളില്‍ റെഡ് സിഗ്‌നല്‍ അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുക, ട്രാഫിക് ലെയിനുകളില്‍ അച്ചടക്കം പാലിക്കാതിരിക്കുക, വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ട്രാഫിക് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുവാനും റോഡപകട മരണങ്ങളും പരിക്കുകളും പരമാവധി കുറയ്ക്കുവാനുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും ഊര്‍ജിതമാക്കുന്നുണ്ട്. 2017ല്‍ അബുദാബിയില്‍ മാത്രം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 40 ലക്ഷം തവണ പിഴയീടാക്കിയതായി അബുദാബി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യു.എ.ഇ തലസ്ഥാനമായ അബുദാബി എമിറേറ്റിലുണ്ടായ വാഹനാപകടങ്ങളില്‍ 199 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 149 പേര്‍ക്കാണ് ഗുരുതരമായ അപകടങ്ങളും അംഗവൈകല്യവും സംഭവിച്ചിരുന്നു. വേഗതയില്‍ സഞ്ചരിക്കുന്നതിനിടയില്‍ പെട്ടെന്ന് വാഹനങ്ങള്‍ നിര്‍ത്തുകയോ വെട്ടിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments