കഴിഞ്ഞ കുറച്ചുദിവസമായി വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റ് ചില സോഷ്യല്‍ മീഡിയകളിലും പാരസെറ്റാമോളിനെപ്പറ്റിയുള്ള ചര്‍ച്ചകളാണ് വൈറലായിരിക്കുന്നത്. ആശങ്കകള്‍ പങ്കുവച്ച പലരും ഇനി എന്തുവന്നാലും പാരസെറ്റാമോള്‍ 500 കഴിക്കുകയില്ലെന്നാണ് ഇപ്പോള്‍ പലരും പറയുന്നത്.
പാരസെറ്റാമോള്‍ 500 ഗുളികകളില്‍ മാച്ചുപോ എന്ന വൈറസ് ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ പാരസെറ്റാമോളിനെപ്പറ്റിയുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണം. സത്യാവസ്ഥയെന്തന്നറിയാതെ ഒരു വിഭാഗം ജനങ്ങള്‍ വായും പൊളിച്ചിരിക്കയാണിപ്പോള്‍.
ശരിക്കും എന്താണ് ഈ പാരസെറ്റാമോള്‍? c8h6no2 എന്ന രാസവസ്തുവാണ് പാരസെറ്റാമോള്‍. പനി പിടിച്ച രോഗികളുടെ ശരീരത്തിന്റെ വേദനകളും താപനിലയും കുറച്ച് രോഗിയെ ഉഷാറാക്കുകയാണ് പാരസെറ്റാമോളിന്റെ ധര്‍മ്മം.
ഇനി പാരസെറ്റാമോളിനെതിരെ പ്രചരണം നടത്തുന്ന സന്തോഷം കണ്ടെത്തുന്നവരോട് ഒരു ചോദ്യം. ജീവനുള്ള കോശത്തില്‍ പ്രവേശിച്ച് വിഭജിക്കാന്‍ കഴിവുള്ളവരാണ് വൈറസുകള്‍ എന്ന ചെറിയ ക്ലാസ്സുമുതല്‍ നമ്മള്‍ പഠിക്കുന്നതാണ്. അത്തരത്തിലുള്ള വൈറസുകള്‍ക്ക് നിര്‍ജ്ജീവമായ പാരസെറ്റാമോള്‍ ഗുളികകളില്‍ എങ്ങനെ ജീവിക്കാന്‍ കഴിയും എന്നത് ഉത്തരം നല്‍കേണ്ട ചോദ്യം തന്നെയാണ്.
മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്. ബൊളീവിയന്‍ ഹെമറേജിക് ഫീവര്‍ ഉണ്ടാവാനുള്ള കാരണം ഈ വൈറസുകളാണ്. ഒരു തരം rna വൈറസ് ആണിത്. 1963 ല്‍ കണ്ടെത്തിയ ഈ വൈറസുകള്‍ അരീന വൈറിഡേ എന്ന കുടുംബത്തിലെതാണ്. ഇന്ത്യയില്‍ ഇന്നേവരെ മാച്ചുപോ വൈറസിനെ കണ്ടെത്തിയിട്ടില്ല എന്നു മാത്രമല്ല ബോളിവിയന്‍ സ്വദേശികളായ എലികളാണ് ഈ അസുഖം പടര്‍ത്തുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്ത്യയില്‍ ഇതേവരെ റിപ്പോര്‍ട്ട് ചെയ്യാത്ത മാച്ചുപോ പാരസെറ്റമോള്‍ ഗുളികയും ആയി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ഈ പ്രചരണങ്ങള്‍ നടക്കുന്നത്. പാരസെറ്റാമോള്‍ 500 ല്‍ മാത്രമല്ല, മറ്റൊരു പാരസെറ്റമോള്‍ ഗുളികയിലും ഈ വൈറസ് ഉണ്ടാവില്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
Leave a Comment