തിരുവനന്തപുരം•യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
You may also like: യാത്രക്കാരന്റെ ബാഗിലിരുന്ന പവർ ബാങ്കിന് തീപിടിച്ചു; വിമാനം വൈകിയത് മൂന്നു മണിക്കൂര്‍
ഫെബ്രുവരി 28 ന് വൈകുന്നേരം 6.30 ന് തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും.
സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍, മൊബിലിറ്റി ഹബ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നഗരസഭകളും വകുപ്പുകളും വിട്ടു നല്‍കിയ സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
തൊട്ടടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (യു.പി.എച്ച്.സി) ഒരു എക്‌സ്റ്റെന്‍ഷന്‍ എന്ന നിലയില്‍ കേന്ദ്രം പ്രവര്‍ത്തിക്കും. യു.പി.എച്ച്.സി യുടെ ആഭിമുഖ്യത്തില്‍ ജോലി ചെയ്യുന്ന പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒരു പ്രത്യേക സംഘം എപ്പോഴും കേന്ദ്രത്തില്‍ ഉണ്ടാകം. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാവും. കേസുകളുടെ സ്വഭാവം അനുസരിച്ച് തൊട്ടടുത്ത യു.പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാക്കും.
യാത്രാവേളയില്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം, സമീപ പ്രദേശത്ത് റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ, ഹൃദയാഘാതം തുടങ്ങിയ അപകടം പിടിച്ച അവസ്ഥകളില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ, സ്ഥിരം ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയാണ് സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍.
പ്രമേഹം പോലുള്ള രോഗമുള്ളവര്‍ക്ക് സഹായകരമായ രക്തപരിശോധന, രക്തസമ്മര്‍ദ്ദം, ശരീര തൂക്കം, ബി.എം.ഐ നിര്‍ണയിക്കല്‍ പോലുള്ളവ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി യാത്രചെയ്യുന്നവര്‍ക്കും സമീപവാസികള്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും പരിശോധനകള്‍ ലഭിക്കും.
ഒമ്പത് ലക്ഷം രൂപ വീതം ജില്ലകള്‍ക്ക് കേന്ദ്രം ആരംഭിക്കുന്നതിനായി നല്‍കി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണ്. മറ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം ജില്ലയില്‍ തമ്പാനൂര്‍ ബസ് സ്റ്റാന്റിലാണ് വഴികാട്ടി സജ്ജമാക്കിയിരിക്കുന്നത്. രാജാജി നഗര്‍ അര്‍ബന്‍ പി.എച്ച്.സിയുമാണ് ഈ കേന്ദ്രത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിക്കും. ആദിവാസി വിഭാഗങ്ങളിലെ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഊരുമിത്രം ആശ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് മേഖലയില്‍ 200 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഊരുകളില്‍ നിന്നുള്ളവരെയാണ് പദ്ധതിയില്‍ ആശാവര്‍ക്കര്‍മാരായി നിയമിക്കുകയെന്ന് മന്ത്രി പറഞ്ഞു.
Leave a Comment