ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ശേഷം ബാങ്ക് സംഘടനാ മുന്‍നേതാവ് ആത്മഹത്യ ചെയ്തു

കൊച്ചി: ലോഡ് കൃഷ്ണാ ബാങ്ക് മുന്‍ ജീവനക്കാരനും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ അഫിലിയേഷനുള്ള ലോഡ് കൃഷ്ണാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി. പ്രേമചന്ദ്ര കമ്മത്ത് ആത്മഹത്യ ചെയ്തു. ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ശേഷംമാണ് ജീവനൊടുക്കിയത്. സംഘടാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇദ്ദേഹത്തെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
“എന്നെ മനസിലാക്കാത്തവരുടെ ലോകത്തുനിന്നു ഞാന്‍ മനസിലാക്കാത്ത ലോകത്തിലേക്ക് പോകുന്നു” എന്ന മുഖവുരയോടെ ബുധനാഴ്ച രാത്രി 1.30 ഓടെയാണ് കമ്മത്ത് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്. കൊച്ചി എളമക്കര കൃഷ്ണ ലെയ്നില്‍ വെണ്‍ ചന്ദ്രഹൗസിലെ കമ്മത്തിനെ സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 2002- ല്‍ ബാങ്കില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇന്നത്തെ അളിഞ്ഞ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണെന്നും ചെയ്യുന്നത് പറയാനുള്ള സുതാര്യത പാര്‍ട്ടിയിലും ട്രേഡ് യൂണിയനിലും വേണമെന്നും ചരമക്കുറിപ്പില്‍ പറയുന്നു.
പോസ്റ്റില്‍ ബാങ്കിനും സംഘടനയ്ക്കും വേണ്ടി ചെയ്ത കാര്യങ്ങളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. തലേ രാത്രി ഇട്ട പോസ്റ്റ് സുഹൃത്തുക്കളും ബന്ധുക്കളും പിറ്റേദിവസം രാവിലെയായിരുന്നു കണ്ടത്. മുമ്പു ജോലി ചെയ്തിരുന്ന ബാങ്കിനെയും പ്രവര്‍ത്തിച്ചിരുന്ന സംഘടനയെയും മരണക്കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ ഉണര്‍ന്നപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Share
Leave a Comment