സി.പി.എം.-സി.പി.ഐ. പോര്

തിരുവനന്തപുരം: സി.പി.എം.-സി.പി.ഐ. പോര്. ഇടതുമുന്നണിയെ വിഷമവൃത്തത്തിലാക്കി മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെച്ചൊല്ലിയാണ് തർക്കം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.ഐ. മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കി പേരുെവച്ച്‌ മുഖപ്രസംഗം എഴുതിയിരുന്നു. ഇതിനു പിന്നാലെ സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ. മുന്നണിമര്യാദ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി പത്രസമ്മേളനം നടത്തി. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു നിമിഷങ്ങള്‍ക്കുള്ളില്‍ കോടിയേരിക്ക് മറുപടിയുമായി രംഗത്തെത്തി.

പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു തോമസ് ചാണ്ടി ഇരിക്കുന്ന മന്ത്രിസഭായോഗം തങ്ങളുടെ മന്ത്രിമാര്‍ ബഹിഷ്കരിച്ചതെന്നും കേരളം പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് അത് നയിച്ചതെന്നുമായിരുന്നു കാനം എഴുതിയ മുഖപ്രസംഗം. മന്ത്രിസഭായോഗം മന്ത്രിമാര്‍ ബഹിഷ്കരിച്ചത് അസാധാരണ സംഭവമാണ്. പരസ്യമായി സി.പി.ഐ. തങ്ങളുടെ ഭാഗം ന്യായീകരിച്ചതോടെ മറുപടിനല്‍കാന്‍ സി.പി.എമ്മും തീരുമാനിച്ചു. സി.പി.എം. പൊളിറ്റ് ബ്യൂറോയെ ഇക്കാര്യം മുഖ്യമന്ത്രി ബുധനാഴ്ചതന്നെ ധരിപ്പിച്ചിരുന്നു. വ്യാഴാഴ്ച സി.പി.എം. കേന്ദ്രനേതൃത്വം ഇക്കാര്യം ചര്‍ച്ചചെയ്ത് മറുപടി നല്‍കാന്‍ സംസ്ഥാനനേതൃത്വത്തെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്നായിരുന്നു വൈകീട്ട് കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനം.

Share
Leave a Comment