ഭര്‍ത്താവും മകനും മരിച്ചതിനുപിന്നാലെ വീട്ടമ്മ ജീവനൊടുക്കി

പൊയിനാച്ചി: ഭര്‍ത്താവും മകനും മരിച്ച വിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി. ചട്ടഞ്ചാല്‍ കനിയടുക്കം മുങ്ങത്ത് വീട്ടിലെ എ.കാര്‍ത്യായനി(60)യെയാണ് വീടിന്റെ അടുക്കളഭാഗത്തെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ഭീഷണിയുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കാര്‍ത്യായനിയുടെ ഭര്‍ത്താവ്, സ്റ്റേഷനറിക്കട നടത്തിയിരുന്ന എം.മാധവന്‍ നായര്‍ കുറച്ച് നാളുകൾക്ക് മുൻപ് മരിച്ചിരുന്നു. ഏകമകന്‍ എം.കെ.സുരാജാണ് പിന്നീട് കട നടത്തിയിരുന്നത്. ജൂണ്‍ 18-ന് രാത്രി ‘അച്ഛനെക്കൂടാതെ ജീവിക്കാന്‍ വയ്യ’ എന്ന് കുറിപ്പെഴുതിവെച്ച് സുരാജ് അടച്ചിട്ട കടയ്ക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വീട്ടിൽ തനിച്ചായിരുന്നു കാർത്യായനി താമസിച്ചിരുന്നത്. ബുധനാഴ്ച സഹോദരന്‍ തിരക്കി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കണ്ടെടുത്ത കുറിപ്പിൽ ‘സ്ഥലത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി, എന്റെ മകന്‍ പോയി. എന്റെ മകനില്ലാത്ത ജീവിതം എനിക്കു വേണ്ട. അതുകൊണ്ട് ഞാനും പോകുന്നു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. ഈ കുടുംബത്തെ വേദനിപ്പിച്ചവര്‍ക്ക് ദൈവം ശിക്ഷകൊടുക്കും’ എന്ന് എഴുതിയിരുന്നു. വിദ്യാനഗര്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണംതുടങ്ങി.

Share
Leave a Comment